പീഡന കേസിൽ എംഎൽഎയെ രക്ഷിക്കാൻ നോക്കിയ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് സ്ഥലം മാറ്റം മാത്രം സുഖശിക്ഷ

തിരുവനന്തപുരം. എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡനകേസ് കേസ് എടുക്കാതെ പോലീസ് സ്റ്റേഷനിൽ ഒതുക്കി തീർക്കാൻ ശ്രമിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ നടപടി എടുക്കാതെ സ്ഥലം മാറ്റം കൊടുത്ത് പോലീസ് തടിയൂരി. യുവതിയുടെ പരാതി പിൻവലിപ്പിക്കാനും കേസ് എടുക്കാതിരിക്കാൻ ഇടനിലക്കാരനായി നിന്ന് എം എൽ എ യെ സഹായിക്കാൻ ശ്രമിച്ചതായി പരാതിക്കാരി ആരോപണമുന്നയിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ് ശക്തമായ ശിക്ഷണ നടപടിയൊന്നും നൽകാതെ സ്ഥലം മാറ്റം മാത്രം നൽകിയിരിക്കുന്നത്.

കോവളം എസ്എച്ച്ഒ ജി.പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്.ബിജോയിക്കാണ് പകരം നിയമനം നൽകിയിട്ടുള്ളത്. മറ്റു നാലു പേർക്കും സ്ഥലംമാറ്റമുണ്ടെങ്കിലും യുവതിയുടെ പരാതിയാണ് പ്രൈജുവിനെതിരെ പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് കാരണം.

എംഎൽഎയ്ക്കെതിരെ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി അവിടെ നിന്ന് കോവളം എസ്എച്ച്ഒയ്ക്കു കൈമാറിയിരുന്നു. പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും അതിന് ഇടനിലക്കാരനായി എസ്എച്ച്ഒ നിന്നുവെന്നും യുവതി ആരോപണമുന്നയിച്ച ഗുരുതരമായ സംഭവമാണ് ഉണ്ടായിരുന്നത്.

ഇത്തരം കുറ്റകൃത്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ആവർത്തിക്കാൻ വഴിയൊരുക്കുന്ന നിലയിലാണ് വെറും സ്ഥലം മാറ്റം മാത്രം നൽകി പോലീസ് ഉദ്യോഗസ്ഥന് സമാശ്വാസം നൽകിയിരിക്കുന്നത്. ഒപ്പം ആലപ്പുഴ തൃക്കുന്നപ്പുഴ സ്റ്റേഷൻ എസ്എച്ച്ഒ എം.എം.മഞ്ജുദാസിനെ നെയ്യാർ ഡാമിലേക്കും പട്ടണക്കാട് എസ്എച്ച്ഒ ആർ.എസ്.ബിജുവിനെ തൃക്കുന്നപ്പുഴയിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്.