![WhatsApp Image 2023-08-24 at 1.02.29 PM](https://thekarmanews.com/wp-content/uploads/2023/08/WhatsApp-Image-2023-08-24-at-1.02.29-PM.jpeg)
സംസ്ഥാനത്ത് എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു.
ഭക്ഷ്യമന്ത്രി ജി ആര് അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്നലെ നിർവ്വഹിച്ചിരുന്നു. എന്നാൽ റേഷൻ കടകളിൽ കിറ്റ് വിതരണത്തിലുള്ള സാധനങ്ങൾ ഇതുവരെ എത്തിയിട്ടില്ലായെന്നാണ് സൂചന .13 ഇനത്തിൽ മിൽമയിൽ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇത് വരെ കിട്ടിയില്ല. ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം വഴി നോക്കേണ്ടിവരുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.
കിറ്റിലേക്ക് വേണ്ട സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലെത്തിച്ച് അവിടെ നിന്ന് പാക്ക് ചെയ്താണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങളിറക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ലെന്നിരിക്കെ നാളെയും കിറ്റ് നൽകാനാകുമോ എന്ന കാര്യത്തിൽ റേഷൻ കടക്കാര് സംശയം പറയുന്നുണ്ട്.
ഞായറാഴ്ച അടക്കം ബാക്കി രണ്ട് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാകുമോ എന്നതിലും അനിശ്ചിതത്വമാണ്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് മഞ്ഞ കാര്‍ഡ് ഉടമകൾക്ക് മാത്രമായി ഇത്തവണ കിറ്റ് പരിമിതപ്പെടുത്തിയത്. അതും ഓണത്തിന് മുൻപ് കൊടുത്ത് തീർക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലതാനും.