തമിഴ്പുലികൾ മടങ്ങി വരവിനായി ഒരുങ്ങുന്നു, നിയമം കാറ്റിൽ പറത്തി ഫണ്ട് ശേഖരിക്കുന്നു.

ന്യൂഡൽഹി. തമിഴ്പുലികൾ ഒരു മടങ്ങി വരവിനായി ഒരുങ്ങുന്നതായ റിപ്പോർട്ടുകൾ പുറത്ത്. മയക്കുമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളപ്പണം ആയുധക്കടത്ത്, എന്നിവയിലൂടെ വലിയ തോതിൽ തമിഴ്പുലികൾ പണം സ്വരൂപിക്കുന്നതായാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ പിടിയിലായ തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യങ്ങൾ എൻ ഐ എ സ്ഥിരീകരിക്കുന്നത്.

എൽടിടിഇ നേതാക്കളുടെ പേരുവിവരങ്ങളും, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്ന രീതികളും, സംഘടനയുടെ ഭാവി പദ്ധതികളും പിടിയിലായവർ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുരുതരമായ വിഷയത്തിൽ എൻ ഐ എ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലക്ഷദ്വീപിൽ നിന്ന് ശ്രീലങ്കൻ മത്സ്യബന്ധന കപ്പലിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുകളും കടത്തുന്നതിൽ എൽടിടിഇ ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയെ നേരത്തെ അറിയിച്ചിരുന്നതാണ്.

മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളായ സുരേഷ് രാജ്, സൗന്ദർരാജൻ എന്നിവർ നിരോധിത തീവ്രവാദ സംഘടനയിൽ അംഗങ്ങളായിരുന്നു. ശ്രീലങ്കയിലെയും തമിഴ്നാട്ടിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും സംഘടനാ നേതാക്കളുടെ മേൽനോട്ടത്തിൽ എൽടിടിഇയുടെ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഇരുവരും രഹസ്യമായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രതികളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളതായി എൻഐഎ, കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിൽനിന്ന് ഇക്കഴിഞ്ഞ മേയ് 19ന് സഞ്ജയ് പ്രകാശ്, നവീൻ എന്നീ യുവാക്കളെ പോലീസ് പിടികൂടി. എൽടിടിഇക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെ ലക്ഷ്യമെന്ന് അന്ന് കണ്ടെത്തുകയുണ്ടായി. ഇവരിൽനിന്ന് രണ്ട് നാടൻ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുക്കുകയും ഉണ്ടായി. ശ്രീലങ്കൻ മത്സ്യബന്ധന കപ്പലായ രവിഹാൻസിയെ കഴിഞ്ഞ വർഷം മാർച്ച് 18 ന് കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന്, അഞ്ച് എകെ 47 റൈഫിളുകൾ, 1000 9 എംഎം വെടിമരുന്ന് എന്നിവ പിടിച്ചെടുത്തിരുന്നതാണ്. ആറ് ശ്രീലങ്കൻ പൗരന്മാരെയും അപ്പോൾ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയാണ് ഉണ്ടായത്.

ഒക്ടോബർ ഒന്നിന് അറസ്റ്റിലായ തമിഴ്നാട് മണ്ണടി സ്വദേശി അഹമ്മദ് ഫാസ്ലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളുടെ എൽടിടിഇ ബന്ധത്തിന്റെ വിശദാംശങ്ങൾ അന്വേഷണ ഏജൻസി കോടതിയെ അറിയിക്കുന്നത്. മയക്കുമരുന്ന്, സ്വർണക്കടത്ത്, ഹവാല ഓപ്പറേഷൻ എന്നിവയിലൂടെ എൽടിടിഇയുടെ പ്രവർത്തനങ്ങൾക്കായി പ്രതികൾ വൻതുക സ്വരൂപിച്ചതായി കസ്റ്റഡി അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ കോടതിയിൽ അറിയിച്ചിട്ടുണ്ട്.

കപ്പലിന്റെ ഉടമയായ എൽ വൈ നിശാന്ത, പിടിയിലായ രമേഷ് അരശരത്‌നം, അഞ്ജു, ദീപ രാജൻ രംഗൻ, ഹാജി സലിം എന്നിവർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ച് അന്വേഷണം എൻ ഐ എ നടത്തി വരുകയാണ്. പ്രതികൾ വെളിപ്പെടുത്തിയ രാജ്യത്തും വിദേശത്തുമുള്ള മറ്റ് പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് ഏജൻസി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.