ലവ് സ്റ്റോറിയിലെ ട്വിസ്റ്റ്, വിവാഹം നടക്കാന്‍ കാരണം അച്ഛന്റെ വാക്ക്, ബാലചന്ദ്രമേനോന്‍

വിവാഹമേ വേണ്ടെന്ന് തീരുമാനിച്ച് ജീവിച്ച നടനാണ് ബാലചന്ദ്രമേനോന്‍. വരദയെ കണ്ടുമുട്ടിയതോടെ മനസില്‍ പ്രണയം തളിരിട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രണയവിവാഹ ത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. സിനിമയുമായി മുന്നേറുന്നതിനിട യിലായിരുന്നു അദ്ദേഹം വരദയെ കണ്ടുമുട്ടിയത്. ആദ്യകാഴ്ചയില്‍ത്തന്നെ മനസ് കീഴടക്കിയ വരദയെ ജീവിതസഖിയാക്കുകയായിരുന്നു ബാലചന്ദ്രമേനോന്‍. വരദയെ ഇഷ്ടമായെന്നും വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്നും പറഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പുകളായിരുന്നുവെങ്കിലും പിന്നീട് വരദയുടെ അമ്മ തന്നെ ആ വിവാഹം മുന്നില്‍ നിന്നും നടത്തുകയാണ് ഉണ്ടായത്.

സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളുമായിട്ടായിരുന്നു ബാലചന്ദ്രമേനോന്റെയും വരദയുടെയും കല്യാണം. ആ വിവാഹത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ഏത് സ്റ്റോറിയാണെങ്കിലും വളരെ പ്രധാനപ്പെട്ടതാണ്. ക്ലൈമാക്സിന് മുന്‍പ് ചില ട്വിസ്റ്റുകള്‍ ഉണ്ടാകും. എന്റെ ലവ് സ്റ്റോറിയിലും രണ്ട് ട്വിസ്റ്റുകള്‍ സംഭവിച്ചു. സിനിമയില്‍ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് ജീവിതത്തില്‍ സംഭവിച്ചത്. അതിന് കാരണം വരദയുടെ അമ്മയാണ്. അമ്മായിഅമ്മ എന്നല്ല അമ്മ തന്നെയായിരുന്നു. എന്റെ ഒരു പുസ്തകം ഞാന്‍ സമര്‍പ്പിച്ചത് ആ അമ്മയ്ക്കാണ്.

അമ്മായിഅമ്മയ്ക്ക് പുസ്തകം സമര്‍പ്പിച്ച എഴുത്തുകാരുണ്ടോ എന്നെനിക്കറിയില്ല. എനിക്ക് സുഖമില്ലാതിരുന്ന സമയത്ത് ഈശ്വരാ, എന്തിനാണ് ബാലചന്ദ്രന് അസുഖം കൊടുത്തത്, എനിക്ക് തന്നാല്‍ പോരേയെന്ന് പ്രാര്‍ത്ഥിച്ച ആളാണ് അമ്മ. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ട് നേരെ അവളുടെ വീട്ടിലേക്ക് വന്ന് അമ്മയോട് കാര്യങ്ങള്‍ സംസാരിച്ച ചെറുപ്പക്കാരന്‍. ആ സമീപനത്തിലാണ് അമ്മയ്ക്ക് എന്നോട് താല്‍പര്യം തോന്നിയത്.

അഭിനയിപ്പിക്കുന്നതിന് വേണ്ടിയാണ് മകളെ ആലോചിച്ച് ബാലചന്ദ്രമേനോന്‍ വന്നതെന്നൊന്നും അമ്മ വിശ്വസിച്ചിരുന്നില്ല. അമ്മയ്ക്ക് ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തിനോടാണ് അമ്മ എന്നെക്കുറിച്ച് അന്വേഷിക്കാനായി പറഞ്ഞത്. മകള്‍ക്ക് ബാലചന്ദ്രമേനോന്റെ പ്രൊപ്പോസല്‍ വന്നിട്ടുണ്ട്. അദ്ദേഹം എങ്ങനെയാണെന്ന് അന്വേഷിക്കണം, ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായവും പറയണം.

അദ്ദേഹത്തെ അമ്മയ്ക്ക് അത്രയും വിശ്വാസവുമായിരുന്നു. വിവാഹബന്ധത്തിന് വേണ്ടിയാണ് നിങ്ങള്‍ അദ്ദേഹത്തെ അന്വേഷിക്കുന്നതെങ്കില്‍ ഏറ്റവും നല്ല പയ്യനാണെന്നായിരുന്നു അച്ഛന്റെ അന്വേഷണത്തിന് ലഭിച്ച മറുപടി. അതുകേട്ടതോടെ അമ്മയ്ക്ക് സമാധാനമായി. അതോടെയാണ് അമ്മ അമ്മാവന്‍മാരുമായി സംസാരിച്ചത്. മകളുടെ കല്യാണത്തെക്കുറിച്ച് മുന്‍പെപ്പോഴോ അമ്മ അച്ഛനോട് സംസാരിച്ചപ്പോള്‍ അതേക്കുറിച്ച് നീ ആശങ്കപ്പെടേണ്ട, അവള്‍ക്ക് കല്യാണപ്രായമാവുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വന്ന് നിന്നോട് ചോദിക്കുമെന്നായിരുന്നു പറഞ്ഞത്. അതും അമ്മയുടെ മനസിൽ ഉണ്ടായിരുന്നു.

നിര്‍മ്മാതാവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത് ഒരിക്കൽ വരദയായിരുന്നു. അഭിനയിപ്പിക്കാനല്ല, എനിക്കൊപ്പം വന്ന് അവാര്‍ഡ് വാങ്ങിക്കാനായാണ് ഞാന്‍ വരദയെ കല്യാണം കഴിച്ചതെന്നായിരുന്നു അന്ന് ഞാന്‍ പറഞ്ഞത്. വിവാഹജീവിതമാവുമ്പോള്‍ ചട്ടിയും കലവും പോലെയാണ്. തട്ടിയും മുട്ടിയുമൊക്കെ അങ്ങ് പോവും. ഈഗോയൊന്നുമില്ലാതെ പരസ്പര സഹകരണത്തോടെ ജീവിക്കുക. അവസാനകാലത്ത് നമുക്കൊപ്പം കുടുംബം മാത്രമേയുണ്ടാവുകയുള്ളൂ. അങ്ങനെ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഓന്തിനെയും അരണയേയും പോലെയാണ് എന്റെയും വരദയുടെയും സ്വഭാവം. ഞാന്‍ നിറം മാറിക്കൊണ്ടേയിരിക്കും, വരദയാണേല്‍ എല്ലാം മറന്ന് പോവുകയും ചെയ്യും. ബാലചന്ദ്രമേനോന്‍ പറഞ്ഞു.