ഫൈസര്‍ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

ഫൈസര്‍ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന. ഇതേത്തുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഉടന്‍ വാക്‌സിന്‍ ലഭ്യമാകും. വാക്‌സിനുകളുടെയും മറ്റ് മരുന്നുകളുടെയും ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ ഓരോ രാജ്യങ്ങളിലും ഡ്രഗ് റഗുലേറ്ററി ഏജന്‍സികള്‍ ഉണ്ടെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ഫൈസറിന് ഇതിനോടകം തന്നെ ബ്രിട്ടണ്‍, അമേരിക്ക, എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന് സാധുത നല്‍കാന്‍ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍ബയോണ്‍ടെക് പാലിച്ചിട്ടുള്ളതിനാലാണ് രാജ്യങ്ങള്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് എത്രയും വേഗം വാക്‌സിന്‍ വിതരണം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അനുമതി നല്‍കിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.