ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്ന കൊച്ചി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം. തിരുവനന്തപുരം-മംഗലാപുരം ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്ന യുവാക്കൾ പിടിയിൽ. കൊച്ചി സ്വദേശികളായ തൻസീർ(19) പ്രശാന്ത്(17) എന്നിവരാണ് പിടിയിലായത്. സ്ലീപ്പർ, എസി കോച്ച് യാത്രക്കാരായ രണ്ട് പേരുടെ മൊബൈൽ ഫോൺ, പേഴ്സ് എന്നിവ പ്രതികൾ മോഷ്ടിച്ചു. കൂടാതെ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിക്കാനും ശ്രമിച്ചു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തൃശൂർ മലബാർ എക്‌സ്പ്രസിൽ വെച്ചാണ് സംഭവം. മലബാർ എക്‌സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. തൃശൂരിൽ നിന്നും കണ്ണൂർ വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ണൂർ റെയിവേ പോലീസ് ഓഫീസർമാരായ സുരേഷ് കക്കറ, മഹേഷ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.

ബിഡിഎസ് വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണാണ് മോഷണം പോയത്. ഇതേ ട്രെയിനിൽ എ1 കോച്ചിൽ കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പേഴ്‌സും ഇവർ മോഷ്ടിച്ചു. പോലീസിനെ കണ്ടതോടെ മോഷ്ടാക്കൾ ശുചിമുറിയിൽ കയറി ഒളിച്ചു. തുടർന്ന് വാതിൽ പൊളിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.