വൃദ്ധ ദമ്പതികളുടെ വീട്ടില്‍ കള്ളന്‍ കയറുന്നത് ദൂരെയിരുന്ന് ഫോണിലൂടെ മകള്‍ കണ്ടു, ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസ്

തലയോലപ്പറമ്പ്: വിമുക്ത ഭടന്റെ വീട്ടില്‍ മോഷണത്തിനെത്തിയ യുവാവിനെ സാഹസികമായി പിടികൂടി പോലീസ്. വൈക്കം വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലെ കീഴൂര്‍ പ്ലാംചുവട് ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടന്‍ മേച്ചേരില്‍ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. സംഭവത്തില്‍ ആലപ്പുഴ എരമല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കീഴൂര്‍ സ്വദേശി ചിറ്റേത്ത് പുത്തന്‍പുരയില്‍ റോബിന്‍സനെ (32)യാണ് പിടികൂടിയത്.

പ്രായമായ ദമ്പതികള്‍ ഉള്ള വീട്ടില്‍ കള്ളന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തത്സമയം ഫോണില്‍ കണ്ടതോടെയാണ് കള്ളന് വിനയായത്. സ്റ്റേഷന്‍ പരിധി നോക്കാതെ എസ്ഐ നടത്തിയ സമയോചിതമായ ഇടപെടലിലാണ് കള്ളന്‍ കുടുങ്ങിയത്. പോലീസിനെ കണ്ട് കള്ളന്‍ ഓടിയതോടെ ഒന്നര കിലോമീറ്റര്‍ പിന്നാലെയോടിയാണ് ഇയാളെ പോലീസ് പിടികൂടിയത്. വാതില്‍ പൊളിക്കാനും പൂട്ടു തുറക്കാനും ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെണ്‍ വേഷത്തിലാണ് മോഷ്ടാവെത്തിയത്.

പൊതി മേഴ്‌സി ആശുപത്രിക്ക് സമീപം തലയോലപ്പറമ്പ് സ്റ്റേഷനിലെ പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് കീഴൂരിലെ ഒരു വീട്ടില്‍ കള്ളന്‍ കയറിയാതായി എസ് ഐ ജയ്‌മോന് ഫോണ്‍ സന്ദേശം ലഭിച്ചത്. കവര്‍ച്ചയ്ക്ക് മുന്നോടിയായി മോഷ്ടാവ് സിസി ടിവി ക്യാമറകള്‍ മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കള്‍ തനിച്ച് താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തത്സമയം സ്വന്തം ഫോണില്‍ കണ്ടതാണ്. ഭയന്ന മകള്‍ സോണിയ കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തി. വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു വീടെന്നത് കണക്കാക്കാതെ എസ് ഐ ജയ്‌മോനും സീനിയര്‍ സിപിഒ രാജീവും സ്ഥലത്തെത്തി. വെള്ളൂര്‍ സ്റ്റേഷനില്‍ വിളിച്ച് കാര്യമറിയിച്ചു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പോലീസ് എത്തുന്നത് കണ്ട മോഷ്ടാവ് രണ്ടാം നിലയില്‍ നിന്നും മുറ്റത്തേക്ക് ചാടി ഇറങ്ങി ഓടി. ഈ സമയം വെള്ളൂര്‍ എസ്ഐ കെ.സജിയും സിപിഒ പി.എസ്.ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബര്‍ തോട്ടത്തിലൂടെയും പാടത്തിലൂടെയും ഒടിയ മോഷ്ടാവിന് പിന്നാലെ പോലീസ് സംഘവും ഓടി. ഒടുവില്‍ കുറ്റിക്കാട്ടില്‍ നിന്നും കള്ളനെ തലയോല പറമ്പ് പോലീസ് പിടികൂടി വെള്ളൂര്‍ പോലീസിന് കാമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി വെള്ളൂര്‍ എസ്എച്ച്ഒ എ.പ്രസാദ് അറിയിച്ചു.

ഏതാനും വര്‍ഷം മുമ്ബുവരെ കീഴൂരില്‍ താമസിച്ചിരുന്ന റോബിന്‍സണ് പ്രദേശത്തെക്കുറിച്ചും ആളുകളെക്കുറിച്ചും നന്നായി അറിയാമായിരുന്നു. മാതാപിതാക്കളുടെ സുരക്ഷയെ കരുതിയാണ് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണുമായി സോണിയ ബന്ധിപ്പിച്ചത്. മാതാപിതാക്കളെ തുടര്‍ച്ചയായി വിളിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ഇടയ്ക്ക് പരിശോധിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ മോഷ്ടാവിനെ റിമാന്‍ഡ് ചെയ്തു.