വിമാനത്തിനുളളിലെ പ്രതിഷേധം ; മുൻകൂർ ജാമ്യം തേടി മൂന്നാം പ്രതി

വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകനായതിനാൽ രാഷ്ടീയ വിരോധം വച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

തന്നെ കള്ള കേസിൽ പെടുത്തകയായിരുന്നുവെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിത്തിന്‍റെ വാദം. വ്യക്തിപരമായ ആവശ്യത്തിന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

ഫർസീൻ മജീദ്, നവീൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്.