കാഴ്ചയില്ലാത്ത മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുന്ന മൂന്നാംക്ലാസുകാരി, എയ്ഞ്ചലീനയ്ക്കുമുണ്ട് സ്വപ്‌നങ്ങള്‍

നെടുങ്കണ്ടം: വലുതായി അപ്പയ്ക്കും അമ്മയ്ക്കും നല്ല ചികിത്സ നല്‍കി കാഴ്ച കൊടുക്കണം. ഈ കഷ്ടപ്പാടൊക്കെ മാറ്റണം. ഒടുവില്‍ ഒരു സൈക്കിള്‍ വാങ്ങണം. മൂന്നാം ക്ലാസുകാരി എയ്ഞ്ചലീനയുടെ ആഗ്രഹമാണിത്. ഇരു കണ്ണുകള്‍ക്കും കാഴ്ച ഇല്ലാത്ത മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണി പോലെ പൊന്നു പോലെയാണ് മൂന്നാം ക്ലാസുകാരി മകള്‍ എയ്ഞ്ചലീന നോക്കുന്നത്.

നെടുങ്കണ്ടം എസ്എച്ച് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലാണ് എട്ട് വയസുകാരിയായ എയ്ഞ്ചലീന മേഴ്‌സി പഠിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളായ രാജേശ്വരിയെയും അഴകമൂര്‍ത്തിയേയും പൊന്നു പോലാണ് ഈ കൊച്ചു മിടുക്കി പരിപാലിക്കുന്നത്. തമിഴ്‌നാട് സ്വദേശികളായ രാജേശ്വരിയും അഴകമൂര്‍ത്തിയും ലോട്ടറി വിറ്റാണ് ജീവിക്കുന്നത്.

നെടുങ്കണ്ടം തൂക്കുപാലം മേഖലയിലാണ് അഴകമൂര്‍ത്തി ലോട്ടറി വില്‍ക്കുന്നത് വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നാണ് വില്‍പ്പന. എയ്ഞ്ചലീന സ്‌കൂളില്‍ നിന്നും എത്തിയ ശേഷമാണ് രാജേശ്വരിയുടെ ലോട്ടറി വില്‍പന. മകളുടെ കൈ പിടിച്ച് നെടുങ്കണ്ടം ടൗണിലാണ് കച്ചവടം നടത്തുന്നത്. 17 വയസ്സുവരെ രാജേശ്വരിയുടെ കാഴ്ചയ്ക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഞരമ്പ് ചുരുങ്ങി തുടങ്ങി കാഴ്ച നഷ്ടപ്പെട്ടുകയായിരുന്നു. അഴകുമുര്‍ത്തിക്കാകട്ടെ ചെറുപ്പം മുതലേ കാഴ്ചയില്ല.

എയ്ഞ്ചലീനയ്ക്ക് പഠിക്കാനായി നെടുങ്കണ്ടം പൊലീസ് ഒരു ഫോണ്‍ കൊടുത്തിരുന്നു. ഈ ഫോണ്‍ അഴകമൂര്‍ത്തിയുടെ പക്കല്‍ നിന്നും ആരോ കവര്‍ന്നു. ഇതിനിടെ സ്‌കൂള്‍ അധികൃതര്‍ ഫീസ് ഒഴിവാക്കി നല്‍കി. സ്വന്തമായി ഒരു വീടും എയ്ഞ്ചലീനയുടെ വിദ്യാഭ്യാസവുമാണ് കുടുംബത്തിന്റെ സ്വപ്നം. ഇപ്പോള്‍ പടിഞ്ഞാറെ കവലയിലെ വാടക വീട്ടിലാണ് ഇവരുടെ താമസം.