ഇത് ‘കോബ്ര ഫാമിലി’യുടെ കഥ, ഒപ്പം മിയയുടെയും മകൻ ലൂക്കയുടെയും..

സിനിമ താരങ്ങൾക്ക് അപൂർവമായി മാത്രം ലഭിക്കുന്ന ചില ജീവിതാനുഭവങ്ങൾ ഉണ്ട്. അത്തരം, ജീവിതവുമായി ബന്ധപ്പെടുന്ന ഒരു സിനിമ അനുഭവത്തിനു സ്വന്തക്കാരിയായിരിക്കുകയാണ് മിയ ഇപ്പോൾ. കോബ്രയിൽ അഭിനയിക്കുമ്പോൾ തനിക്കുണ്ടായ അനുഭവം കഴിഞ്ഞ ദിവസമാണ് മിയ തുറന്നു പറഞ്ഞത്.

മിയയുടെ മകൻ ലൂക്കയെ കയ്യിലെടുത്തു വേദിയിലെത്തു കയായിരുന്നു ചിയാൻ വിക്രം. കോബ്രയിൽ അഭിനയിച്ചതിന്റെ അനുഭവം മിയ വേദിയിൽ പങ്കുവയ്ക്കുന്നതി നിടയിലാണ്, മിയയെ പോലും അമ്പരപ്പിച്ച് വിക്രത്തിന്റെ ക്യൂട്ട് എൻട്രി ഉണ്ടാവുന്നത്. ലൂക്കയെ കയ്യിലെടുത്തു വേദിയിലെത്തിയ വിക്രം, ‘ഇത് കോബ്ര ബേബി’ ആണെന്നും വെളിപ്പെടുത്തുകയുണ്ടായി. മിയയ്ക്ക് വിക്രം നൽകിയ സർപ്രൈസ് ആർപ്പുവിളികളോടെ സദസ് സ്വീകരിക്കുകയായിരുന്നു അപ്പോൾ.

വിക്രം പറഞ്ഞപോലെ മിയയുടെ മകൻ ലൂക്ക ഒരു കോബ്ര ബേബി തന്നെയാണ്. കോബ്ര എന്ന സിനിമക്ക് മിയക്കും ലൂക്കക്കും ഉള്ള ബന്ധം അത്തരത്തിലാണ്. കോബ്രയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മിയ ജോർജ്ജ് വാചാലമായി പറഞ്ഞതും അത് തന്നെയായിരുന്നു. കോബ്ര എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത് 2019ൽ ആണ്. കോവിഡു കാരണം ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോവുകയായിരുന്നു.

2020 ജനുവരിയിലാണ് മിയ ഈ പടത്തിൽ ജോയിൻ ചെയ്യുന്നത്. ആ സമയത്ത് മിയ സിംഗിൾ ആയിരുന്നു. സെക്കൻഡ് ഷെഡ്യൂളിൽ പോയപ്പോൾ മിയ വിവാഹിതയായി കഴിഞ്ഞിരുന്നു. മൂന്നാമത്തെ ഷെഡ്യൂളിൽ പോയപ്പോൾ ആവട്ടെ മിയ അഞ്ചു മാസം ഗർഭിണി ആയിരുന്നു, മിയ പുഞ്ചിരിയോടെ വെളിപ്പെടുത്തി. ‘സിനിമ റിലീസ് ആകുമ്പോൾ കൊച്ച് ഇവിടെ വന്നു എന്ന് ആരാധകരെ ആവേശത്തോടെ അറിയിച്ച വിക്രം ഉടനെ കുഞ്ഞു ലൂക്കയെ കയ്യിലെടുത്ത് വേദിയിലേക്ക് കയറുകയായിരുന്നു.

വിക്രത്തിന്റെ അപ്രതീക്ഷിതമായ എൻട്രി മിയയെ പോലും അതിശയിപ്പിച്ചു. ‘ആരെങ്കിലും ഒരു ഫോട്ടോ എടുക്കുമോ പ്ലീസ്’ എന്ന മിയ ചോദിക്കുന്നതാണ് അപ്പോൾ കേൾക്കാനായത്. ഫൊട്ടോ സെഷനിൽ മിയയുടെ ഭർത്താവും പങ്കുചേർന്നു. ‘കോബ്ര ഫാമിലി’ എന്നു പറഞ്ഞുകൊണ്ടാണ് വിക്രം മിയയുടെ കുടുംബത്തെ അപ്പോൾ പരിചയപ്പെടുത്തിയത്.

ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസും മനോരമ ഓൺലൈനും നേരിട്ട് നടത്തിയ കോബ്ര പ്രൊമോഷണൽ ഇവന്റിലാണ് അതി മനോഹര മെന്നു പറയാവുന്ന ഈ നിമിഷം ഉണ്ടാവുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഓഗസ്റ്റ് 31ന് ചിത്രം റിലീസിനെത്തുകയാണ്.