ഓണ്‍ലൈന്‍ ജോലി തട്ടിപ്പില്‍ പണം നഷ്ടമായത് ആയിരങ്ങള്‍ക്ക്, ലക്ഷ്യംവെച്ചത് അഭിഭാഷകരെയും നിയമ വിദ്യാര്‍ഥികളെയും

പാലക്കാട്. ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടത്് ആയിരങ്ങള്‍ക്ക്. നിയമവിഷയങ്ങളിലാണ് തട്ടിപ്പുകാര്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തത്. തട്ടിപ്പില്‍ പെട്ടവര്‍ കൂടുതലും അഭിഭാഷകരും നിയമ വിദ്യാര്‍ഥികളുമായതിനാല്‍ വിഷയം പുറത്തു പറയാന്‍ കൂടുതല്‍ പേരും തയ്യാറാകുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ രേഖയും തട്ടിപ്പിന് ഉപയോഗിച്ചുവെന്നാണ് വിവരം.

പണം നഷ്ടപ്പെട്ടവര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞതും. തട്ടിപ്പില്‍ പെട്ടവര്‍ നല്‍കിയ പരാതി പോലീസ് സൈബര്‍ സെല്ലിന് കൈമാറി. പണം പോയതിന് പിന്നാലെ തട്ടിപ്പ് സംഘത്തിന്റെ നിരന്തര സമ്മര്‍ദ്ദവും ഭീഷണിയും മൂലം ബെംഗളൂരുല്‍ ഒരു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ അംഗത്തിന്റെ ലീഗല്‍ റിവ്യൂസ്, ഫ്‌ലക്‌സ് വര്‍ക് സൊലുഷന്‍, അഭിഭാഷക അസോസിയേറ്റ് എന്നി ജോലികളാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്യുന്നത്.

തട്ടിപ്പ് കൂടുതലും നടന്നിരിക്കുന്നത് ഹരിയാന, ഗുജറാത്ത്, ഒഡീഷ, യുപി എന്നി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ്. അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് മംഗളൂരുവില്‍ നിന്നാണെങ്കില്‍ ഫോണ്‍ വിളിയും നിര്‍ദേശങ്ങളും ഭീഷണിയും വരുന്നത് ഉത്തരേന്ത്യയില്‍ നിന്നാണ്. ജോലിയില്‍ തെറ്റ് വരുത്തിയെന്ന് പറഞ്ഞ് മെസേജ് വരും. പിഴ നല്‍കിയില്ലെങ്കില്‍ വക്കീല്‍ നോട്ടീസും പിന്നാലെ നിരന്തരം ഫോണുകളും എത്തും. പിഴ നല്‍കാത്തവര്‍ക്കെതിരെ കോടതിയെ സമീച്ചതായും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അറിയിപ്പുകൂടെ വരുന്നതോടെ എല്ലാവരും പണം നല്‍കും.