മലപ്പുറത്ത് 17കാരിയെ മൂന്ന് തവണ പീഡിപ്പിച്ച സംഭവം, ആകെ 24 പ്രതികള്‍

കേരളത്തെ ഞെട്ടിച്ച മലപ്പുറത്തെ പീഡനക്കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി മൂന്ന് തവണ പീഡിപ്പിച്ച കേസിലാണ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്. കീഴാറ്റൂര്‍ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ (21), ഷഫീഖ് (21), അബ്ദുറഹീം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 24 ആയി.

2016, 2017, 2020 എന്നീ വര്‍ഷങ്ങളിലാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിനിരയാക്കിയത്. ആദ്യ രണ്ട് തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും പെണ്‍കുട്ടിയെ പിന്നീട് ബന്ധുക്കള്‍ കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷമാണ് മൂന്നാമതും ലൈംഗികാതിക്രമം ഉണ്ടായത്.

കഴിഞ്ഞ ദിവസവും പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മേലാറ്റൂര്‍ സ്വദേശി ജിബിന്‍ ഏലിയാസിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇനിയും നിരവധിയാളുകള്‍ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്ഐ അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.