17 ദിവസമായി സുബി ആശുപത്രിയിലായിരുന്നു, വെന്റിലേറ്ററിലേക്ക് മാറ്റിയത് ചൊവ്വാഴ്ച- ടിനി ടോം

പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് സുബിയുടെ അന്ത്യം. സുബി സുരേഷിന്റെ അവസാന നാളുകളെക്കുറിച്ച് പറയുകയാണ് ടിനി ടോം.

സ്റ്റേജിലും ടെലിവിഷനിലും പ്രോഗ്രാമുകൾ ചെയ്തും സിനിമയിൽ അഭിനയിച്ചും സജീവ സാന്നിധ്യമായിരുന്ന സുബി സുരേഷ് അസുഖബാധിതയാണെന്ന് പ്രേക്ഷകർ പോലും അറിഞ്ഞിരുന്നില്ല. നാൽപ്പത്തിയൊന്ന് വയസുകാരിയായ സുബി പെട്ടെന്ന് മരിച്ച് പോകുമെന്ന് ആർക്കും വിശ്വസിക്കാനും സാധിക്കുന്നില്ല. എന്നാൽ പത്ത്, പതിനേഴ് ദിവസമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയ്ക്ക് കരൾ സംബന്ധമായ രോഗമായിരുന്നു. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചത്. സുബിയെ കുറിച്ച് ഒർക്കുമ്പോൾ എന്റെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയതെന്ന് വേണമെങ്കിൽ പറയാം. ഡാൻസ് ടീമിൽ നിന്നും സ്‌കിറ്റ് കളിക്കാൻ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു’.

സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിയായിരുന്നു സുബി. അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്‌സ്‌ക്രൈബേർസ് കൂടിയതോടെ അതിന്റെ ഭാഗമായി കേക്ക് ഒക്കെ കട്ട് ചെയ്ത് പോയിരുന്നു. വിവാഹത്തിന്റെ പടിവാതിക്കൽ നിൽക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്റെ പ്രശ്‌നം വന്നത്. കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലിൽ ആയിരുന്നു.

ഞാൻ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലേക്ക് എത്തിയിരുന്നു. ഞങ്ങളെല്ലാവരും പരമാവധി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകൾ കരൾ നൽകാൻ തയ്യാറായിരുന്നു. അതിന്റെ നടപടി ക്രമങ്ങൾ നടക്കുകയായിരുന്നു. നടൻ സുരേഷ് ഗോപിയും, ഹൈബി ഈഡനുമടക്കം രാഷ്ട്രീയ സംസ്‌കാരിക രംഗത്തെ ആൾക്കാരെ ബന്ധപ്പെട്ട് ഈ നടപടികൾ വേഗത്തിലാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷർ വർദ്ധിച്ചു. തുടർന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്‌നിയെ ബാധിച്ചതിനെ തുടർന്ന് ഡയാലിസിസിനും വിധേയയാക്കിയിരുന്നു. തുടർന്ന് ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു ജനനം. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂൾ-കോളജ് വിദ്യാഭ്യാസം. സ്‌കൂൾ പഠനകാലത്തു നല്ലൊരു നർത്തകിയായി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു.