പൊതുവിദ്യാഭ്യാസ മേഖല; കക്ഷിരാഷ്ട്രീയ ഭേദചിന്തയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി

നാടിനാകെ അഭിമാനിക്കാവുന്ന വിധമാണു പൊതുവിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങൾ യാഥാർഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം കർമപദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയുപയോഗിച്ചു പുതിയായി നിർമിച്ച 75 സ്‌കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അമ്പതും നൂറും വർഷം പഴക്കമുള്ള പൊതുവിദ്യാലയങ്ങളുടെ കേടുപാടുകൾ യഥാസമയം പരിഹരിക്കപ്പെടാതെ, ഇല്ലായ്മയുടെ പര്യായമായി അവ മാറിയ സാഹചര്യം മുൻപു കേരളത്തിലുണ്ടായിരുന്നു. ചോർന്നൊലിക്കുന്ന മേൽക്കൂരയും വിണ്ടുകീറിയ തറയും ചുവരും കാലൊടിഞ്ഞ ബെഞ്ചുകളുമൊക്കെയായിരുന്നു അക്കാലത്ത് വിദ്യാലയങ്ങളുടെ ചിത്രം.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിരാഷ്ട്രീയ ഭേദചിന്തയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനല്ല, പൊതുവിദ്യാലയങ്ങൾ നവീകരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നാട്ടിലെ പാവപ്പെട്ടവരാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിൽനിന്നു വലിയ തോതിൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നതിന് അറുതി വരുത്താനായി.