സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ്; 432 സമ്പര്‍ക്കരോഗികൾ, ഉറവിടം അറിയാത്ത 37 പേർ

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രോഗികളിൽ 96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 196 പേര്‍ രോഗമുക്തി നേടി

ഇന്ന് രോഗം ബാധിച്ചവരിൽ 96പേർ വിദേശങ്ങളിൽ നിന്നുവന്നവരാണ്. 76പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവരാണ്.അതേ സമയം സമ്ബർക്കരോഗം വീണ്ടും കുതിക്കുകതന്നെയാണ്. ഇന്നു മാത്രം 432 പേർക്കാണ് സംസ്ഥാനത്ത് സമ്ബർക്കരോഗം ബാധിച്ചത്. ഇതിൽ 37പേരുടെ രോഗത്തിന്റെ ഉറവിടമറിവായിട്ടില്ല. ഒൻപത് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും ഇടുക്കിയിൽ റിപ്പോർട്ടു ചെയ്തു. രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്‌: തിരുവനന്തപുരം 157, കാസർകോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂർ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂർ 5, വയനാട് 5.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശ്ശൂർ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂർ 10, കാസർകോട് 17.

24 മണിക്കൂറിനിടെ 16,444 സാംപിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 4989 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9553 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 602 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4880 പേർ ചികിത്സയിലുണ്ട്. 2,60,356 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്ബർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 82568 സാംപിളുകൾ ശേഖരിച്ചതിൽ 78415 സാംപിളുകൾ നെഗറ്റീവ് ആയി.