നിദയുടെ കബറടക്കം ഇന്ന് ജന്മനാട്ടില്‍; മൃതദേഹം കൊച്ചിയില്‍ എത്തിച്ചു

കൊച്ചി. ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനു പോയി നാഗ്പുരില്‍ മരിച്ച നിദ ഫാത്തിമയുടെ മൃതദേഹം കേരളത്തില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. കബറടക്കം ഇന്നു ജന്മനാട്ടില്‍ നടത്തും. പത്തുമണി മുതല്‍ നിദ പഠിച്ച സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

11 മണിക്ക് വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാത്രി നാഗ്പുരിലെത്തിയ പിതാവ് ഷിഹാബുദ്ദീന്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തി മകളുടെ ചേതനയറ്റ ശരീരം തൊട്ട് വിങ്ങുമ്പോള്‍ കണ്ടുനിന്നവര്‍ക്കും ദുഃഖമടക്കാനായില്ല. നിദയുടെ മരണം ഇനിയും ടീമിലെ എല്ലാവരെയും അറിയിച്ചിട്ടില്ല. താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ച ദേശീയ സൈക്കിള്‍ പോളോ ഫെഡറേഷനെതിരെയും ചികിത്സപ്പിഴവ് വരുത്തിയ ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ഷിഹാബുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി.

മൃതദേഹം എത്തിക്കാനും ആശുപത്രി ചെലവുകള്‍ക്കുമായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 5 ലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ചികിത്സാപ്പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കി.