എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്?കെ റെയിൽ പരാക്രമത്തിന് ഇന്ന് രണ്ടാം പിറന്നാൾ.

തിരുവനന്തപുരം/ സിൽവർ ലൈൻ പദ്ധതിക്ക് സംസ്ഥാനസർക്കാർ ഡിപിആർ സമർപ്പിച്ചിട്ടു രണ്ടു വർഷം തികഞ്ഞിട്ടും റെയിവേ ബോർഡിൻറെ അനുമതിയില്ല. പദ്ധതിക്ക് അനുമതി നൽകുന്ന കാര്യത്തിൽ റെയിൽവെ ബോർഡ് ഇതുവരെ തീരുമാനം എടുക്കാതിരിക്കെയാണ് കേരളമാകെ പെരുമ്പറ മുഴക്കി, കൊട്ടിഘോഷിച്ച്, ജനത്തെയാകെ പരിഭ്രാന്തരാക്കി, ആശങ്കയിലാക്കി, ഇപ്പൊ നടത്തിക്കളയുമെന്നു പിണറായി സർക്കാർ വീമ്പിളക്കിയത്.

പദ്ധതിക്ക് തത്വത്തിൽ മാത്രം അനുമതിയുള്ളപ്പോഴാണ് മുഖ്യനും മന്ത്രിയുൾപ്പടെ കേരളത്തിൽ തലങ്ങും വിലങ്ങും നടന്നു പെരുമ്പറമുഴക്കിയത്. ഇപ്പോഴാകട്ടെ കേന്ദ്രത്തിന്റെ അനുമതി പദ്ധതിക്ക് കിട്ടുമെന്ന് അല്പമാത്രമായിട്ടെങ്കിലും ഉണ്ടായിരുന്ന പ്രതീക്ഷകളും സർക്കാരിന് അസ്തമിക്കുകയാണ്. സർക്കാർ പദ്ധതിക്കായി നടത്തിയ കല്ലിടൽ സംസ്ഥാനത്ത് ഉണ്ടാക്കിയ ഒച്ചപ്പാടുകൾ ചില്ലറയല്ല. നിത്യവും പല്ലുപോലും തെക്കും മുൻപ് ‘മുന്നോട്ടു പോകും’, ‘പദ്ധതിയുമായി മുന്നോട്ടുപോകും’ എന്ന് പറഞ്ഞിരുന്നവർക്ക് ഒരു കാര്യം മനസിലായി. കേന്ദ്രനുമതിയില്ലാതെ സിൽവർ ലൈൻ ഇന്ത്യ മഹാരാജ്യത്ത് നടപ്പാക്കാനാവില്ലെന്ന്.

ജനം എന്ന് പറഞ്ഞു പറഞ്ഞാൽ തങ്ങൾക്ക് വോട്ടു ചെയ്തവർ മാത്രമല്ലെന്ന് പിണറായിക്ക് നൽകുന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. നൂറു വോട്ടർമാരിൽ അമ്പത്തോന്നുപേർ വോട്ടു ചെയ്തത് വഴി ജനപ്രതിനിധിയാവുന്ന ഏതൊരു രാഷ്ട്രീയക്കാരനും ചിന്തിക്കേണ്ടതാണിത്. ബാക്കി 49 പേരും എന്റെ മുന്നിൽ ജനമാകണമെന്ന്. അതല്ലെങ്കിൽ ജനം എന്ത് വേണമെന്ന് അതാത് അവസരങ്ങളിൽ തീരുമാനിക്കും.

2020 ജൂൺ 17 സിൽവർ ലൈൻ പദ്ധതിക്കായി കേരളം സമർപ്പിച്ച ഡിപിആറിൽ 63,941 കോടി ചെലവ് പ്രതീക്ഷിക്കുന്നെന്ന് പറയുന്നു. എന്നാൽ അത് ശരിയല്ല, ഒരു ലക്ഷം കോടിയിലേറെ ചെലവ് വരുമെന്ന് റെയിൽവെ പറയുന്നു. ഡിപിആറിൽ വ്യക്തത കുറവുണ്ടെന്ന് റെയിൽവെ ബോർഡ് തുറന്നടിക്കുന്നു. അതോടെയാണ് പദ്ധതിയെന്ന പിണറായി സർക്കാരിന്റെ സ്വപ്നത്തിനു ശനിദിശ ആരംഭിക്കുന്നത്.

സർവെ നടപടികളും കല്ലിടലും തുടർന്ന് കേരളത്തെ സംഘർഷ ഭൂമിയാക്കി. 2022 ജനുവരിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് സർവെ നടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. ഫെബ്രുവരിയിൽ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കുന്നു. കല്ലിടൽ വീണ്ടും തുടങ്ങിയപ്പോൾ സംഘർഷം പടർന്നു.

മാർച്ച് മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുകയും അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. തുടർന്നും കാത്തിരുന്നു. കേന്ദ്രം അന്ഗിയില്ല. മൂന്ന് മാസത്തിന് ശേഷവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഒരു പ്രതികരണവും ഉണ്ടായില്ല. ഡിപിആറിൽ വ്യക്തത വരുത്തണമെന്ന് കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകമാത്രമാണ് ഉണ്ടായത്. തുടർന്ന് കല്ലിടൽ സർക്കാർ നിർത്തി. ജിയോ ടാഗ് സംവിധാനത്തിലൂടെ സർവെ തുടരുമെന്ന് പറഞ്ഞു. എന്നാൽ ജിയോ ടാഗ് സർവെ നടപടികൾ എങ്ങും തുടങ്ങിയില്ല. കേന്ദ്രത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് മുഖ്യമന്ത്രി പിണറായിക്ക് ഒടുവിൽ പറയേണ്ടി വന്നു. പിണറായിയുടെ കെ റെയിൽ പരാക്രമം ഇങ്ങനെ തണുത്തുറഞ്ഞിരിക്കുകയാണ്.