കൊല്ലം ബൈപാസിൽ ഇന്ന് മുതൽ ടോൾ; പിരിവിനെതിരെ വ്യാപക പ്രതിഷേധം

കേന്ദ്ര സർക്കാർ നിർദ്ദേശത്തോടെ കൊല്ലം ബൈപാസിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടോൾ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടർക്ക് ഇന്നലെ ദേശീയ പാത അതോറിറ്റി സന്ദേശമയച്ചിരുന്നു. രാവിലെ എട്ടുമണിക്ക് ടോൾ പിരിവ് തുടങ്ങണമെന്ന് നിർദേശം വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ടോൾ പിരിവിന് അനുമതി നൽകി ജനുവരി മാസമാണ് കേന്ദ്ര സർക്കാർ നടപടികളാരംഭിച്ചത്. ജനുവരി 16ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നും തെരഞ്ഞെടുപ്പും കണക്കിലെടുത്ത് നീണ്ടുപോകുകയായിരുന്നു. നടപടി അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചതോടെ പൊലീസ് ടോൾ പ്ലാസയ്ക്ക് സംരക്ഷണമൊരുക്കി.

അതേസമയം ടോൾ പിരിവിന് ജില്ലാ ഭരണകൂടത്തിൻരെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് കരാർ എടുത്ത അധികൃതർ അറിയിച്ചു. നൂറുകോടിക്ക് മുകളിലുള്ള ദേശീയ പാത പ്രോജക്ടുകളിൽ ടോൾ പിരിവ് നടത്തണമെന്ന വാദത്തിലുറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. അതേസമയം ബൈപാസ് നിർമാണത്തിന് കേന്ദ്രവും സംസ്ഥാനവും തുല്യപങ്ക് വഹിച്ചതാണെന്നും ടോൾ പിരിവ് അനുവദിക്കാനാകില്ലെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ടോൾ പിരിവ് തുടങ്ങാനുള്ള നടപടിക്ക് ദേശീയ പാത അതോറിറ്റി നിർദേശം നൽകിയത്.