ആരും ചോദിച്ചില്ലെങ്കിലും ഞങ്ങളുടെ 10 ഇയര്‍ ചലഞ്ച്, ഹന്‍സികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അഹാന

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലുമായി നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ അഹാനയും ഇളയ മകള്‍ ഹന്‍സികയും ഒരുമിച്ചുള്ള ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്. അഹാനയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘മേയ് 31. ആരും ചോദിച്ചില്ലെങ്കിലും ഞങ്ങളുടെ 10 ഇയര്‍ ചലഞ്ച് വിത്ത് ഹന്‍സിക. ഒരേ ദിവസം, ഒരേ സ്ഥലം, ഒരേ വ്യക്തികള്‍. ഒരു പതിറ്റാണ്ടിന്റെ വ്യത്യാസം,’ എന്നാണ് അഹാന ചിത്രങ്ങള്‍ക്ക് ഒപ്പം കുറിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ ചിത്രവും ഇന്നലെ പകര്‍ത്തിയ ചിത്രവും ചേര്‍ത്താണ് അഹാനയുടെ പോസ്റ്റ്.

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഹന്‍സികയുമായി ബന്ധപ്പെട്ട് തന്റെ ഹൃദയത്തോടെ അടുത്ത് നില്‍ക്കുന്ന ഒരു പാട്ട് ഓര്‍മ അഹാന പങ്കുവെച്ചിരുനന്നു. മകള്‍ക്ക്’ എന്ന സിനിമയിലെ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടും അതിനു പിന്നിലെ ഓര്‍മ്മയേയും കുറിച്ചാണ് അഹാന സംസാരിച്ചത്. തന്റെ ഇളയ സഹോദരി ഹന്‍സികയെ കുട്ടിയായിരുന്നപ്പോള്‍ ഭക്ഷണം കഴിപ്പിക്കാന്‍ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടായിരുന്നു അതെന്നായിരുന്നു അഹാന പറഞ്ഞത്.

‘ഹന്‍സു ഒരു കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ ഈ പാട്ട് പാടിയാലേ അവള്‍ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലില്‍ ഞങ്ങള്‍ ഈ പാട്ടു റെക്കോര്‍ഡ് ചെയ്ത് ഹന്‍സുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവള്‍ സന്തോഷത്തോടെ പാട്ട് കേള്‍ക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓര്‍മ്മയാല്‍ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനില്‍ക്കുന്ന ഒന്നായി മാറുന്നു,’ എന്നായിരുന്നു അഹാന കുറിച്ചത്.