കുതിച്ചുയർന്ന് തക്കാളി വില

ഈറോഡ് ∙ സംസ്ഥാനത്തെ ചില ജില്ലകളിൽ മഴ പെയ്തതും ഇന്ധനവിലയിലെ വൻവർധനയും കാരണം പച്ചക്കറി മാർക്കറ്റിൽ തക്കാളിയുടെ വിലയിൽ വർധനവ് . ഇന്നലെ മാർക്കറ്റിൽ ഒരു കിലോയ്ക്ക് 40 രൂപ നിരക്കിലാണു വിൽപന നടന്നത്. തിങ്കളാഴ്ചവരെ തക്കാളി കിലോഗ്രാമിന് 7 മുതൽ 10 വരെ രൂപയ്ക്കായിരുന്നു വിൽപന. കഴിഞ്ഞ നാലു ദിവസമായി ചില ജില്ലകളിൽ മഴ പെയ്തതിനാൽ തക്കാളിയുടെ വരവു കുറഞ്ഞു.

ഇന്ധന വിലവർധന കാരണം ചരക്കുവാഹനങ്ങളുടെ വാടക ഉയരുകയും കൂടി ചെയ്തതോടെ രണ്ടു ദിവസം കൊണ്ട് തക്കാളിയുടെ വില ഉയർന്നു. വരും ദിവസങ്ങളിൽ ഇനിയും വില വർധിക്കാൻ സാധ്യതയുണ്ടെന്നു വ്യാപാരികൾ പറയുന്നു.