അഗാധമായി പ്രണയിച്ചിട്ടും അവളുടെ ഇടത്തെ, തീരുമാനങ്ങളെ അപ്പു ബഹുമാനിച്ചു, അപ്പുവിനെപ്പോലെയാകൂ; ടൊവിനോ തോമസ്

പ്രണയം അത്രമേല്‍ ആര്‍ദ്രമാണ്. എന്നാല്‍ അസ്ഥിക്ക് പിടിച്ചാലോ. ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്ന കൊലപാതകങ്ങളിലെല്ലാം കാമുകന് കാമുകിയെ കൊല്ലുന്നതോ ആസിഡ് ഒഴിക്കുന്നതോ ആയ സംഭവങ്ങളാണ്.
ഏറ്റവും അവസാനമായി നാം കണ്ടത് രഖില്‍ എന്ന ചെറുപ്പക്കാരന്‍ മാനസ എന്ന പെണ്‍കുട്ടിയെ വെടിയുതിര്‍ത്ത് സ്വയം ജീവനൊടുക്കിയ വാര്‍ത്തയാണ്, അതും ഈ കൊച്ചു കേരളത്തില്‍. ഇവിടെയാണ് ടൊവിനോ തോമസ് ഇന്ന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ ആറാം വാര്‍ഷികത്തില്‍ കുറിപ്പുമായി ടൊവിനോ തോമസ്. ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോഴിക്കോട്ടെ മൊയ്തീന്റെയും കാഞ്ചനയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു നടനെന്ന നിലയില്‍ ടൊവിനോയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അപ്പു.

താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് ടൊവിനോ അപ്പുവിനെക്കുറിച്ച് കുറിച്ചത്. എന്റെ അനുഭവം പൂര്‍ണമാക്കിയതിന് ആര്‍.എസ് വിമലിനും പൃഥ്വിരാജിനും പാര്‍വതിയക്കും നന്ദി. സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

‘എല്ലാ അഭിനേതാക്കളും അവരുടെ യാത്രയെ കൂടുതല്‍ കരുത്തുള്ളതും അനുകൂലവുമായി മാറ്റുന്നതുമായ ഒരു സിനിമ ഉണ്ടായിരിക്കും. എനിക്ക് അത് എന്ന് നിന്റെ മൊയ്തീന്‍ ആയിരുന്നു. നിങ്ങള്‍ എനിക്ക് നല്‍കിയ നിരൂപണങ്ങളും സ്‌നേഹവായ്പ്പുകളും ഇന്നും എന്റെ മനസ്സില്‍ അപ്പുവിനെ പുതുമയുള്ളതായി നിലനിര്‍ത്തുന്നു.

അപ്പു അഗാധമായി പ്രണയിച്ചു, എന്നിട്ടും തന്റെ പ്രണയിനിയെ വിട്ടു നല്‍കി. അവളുടെ ഇടത്തെ, തീരുമാനങ്ങളെ ബഹുമാനിച്ചു. അപ്പുവിനെപ്പോലെയാകൂ”- ടൊവിനോ കുറിച്ചു.

ഇവിടെയാണ് ടൊവിനോയുടെ വാക്കുകള്‍ക്ക് പ്രാധാന്യമേറുന്നത്. മാനസയെ രഖില്‍ തീര്‍ത്തത് അവന്റെ പ്രണയത്തെ എതിര്‍ത്തതിനായിരുന്നു. അസ്ഥിക്ക് പിടിച്ച ഒരു വണ്‍ വേ പ്രണയം മാനസയ്ക്ക് ഇഷ്ടമല്ലെന്നറിഞ്ഞിട്ടും രഖില്‍ അവളെ പിന്തുടര്‍ന്നു. അവളെ സ്വന്തമാക്കാന്‍ ആവില്ലെന്നറിഞ്ഞതോടെ ജീവിക്കാനുള്ള അവളുടെ അവകാശത്തെ ഹനിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സ്വയം വെടിയുതിര്‍ത്തു. എന്ന് നിന്റെ മൊയ്തീനിലാവട്ടെ ചെറുപ്പം മുതല്‍ പ്രണയിച്ച കാഞ്ചനയെ മൊയ്തീന് വിട്ട് കൊടുക്കുകയായിരുന്നു അപ്പു. അവിടെ കാഞ്ചനമാലയുടെ ഇഷ്ടത്തെ, ഇടത്തെ അപ്പു ബഹുമാനിച്ചു.