കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ ഭരിക്കുന്നത് ടിപി കേസ് പ്രതികൾ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ ഭരിക്കുന്നത് ടിപി കേസ് പ്രതികൾ. ജയിലിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിൽ പോലും ടിപി വധക്കേസ് പ്രതികളുടെ ഇടപെടലുണ്ടെന്നാണ് വിവരം. പ്രതികൾക്ക് ജയിലിനുള്ളിൽ ലഹരി, മൊബൈൽഫോൺ എന്നിവയുടെ ഉപയോഗത്തിന് ഉദ്യോഗസ്ഥർ അനുവാദം നൽകുന്നുണ്ട്. ടികെ രജീഷടക്കം ടിപി വധക്കേസിലെ ആറ് പ്രതികളാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ളത്.

ഒരു പ്രിസൺ ഓഫീസറുടെയും, അസി. പ്രിസൺ ഓഫീസറുടെയും സഹായത്തോടെയാണ് ടിപി വധക്കേസ് പ്രതികൾ ജയിലിൽ ഭരണം നടത്തുന്നത്. ഇതിന് ഇരുവരും പ്രതിഫലം പറ്റുന്നുണ്ട്. കഞ്ചാവ്, മദ്യം, ബീഡി എന്നിവയാണ് പ്രതികൾക്കായി ഇരു ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ജയിലിനുള്ളിൽ എത്തുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ റീ ചാർജ് ചെയ്ത് കൊടുക്കുന്നതിനായി പ്രത്യേക സംഘം തന്നെ സഹായത്തിനായുണ്ട്. റിമാൻഡ് തടവുകാരുടെ ജാമ്യത്തിന് അഭിഭാഷകരെ ഏർപ്പാടാക്കുന്നതും ഇവർ തന്നെയാണ്. ആശുപത്രിവാസം ലഭിയ്ക്കാനും ഇടയ്ക്കിടെ പരോൾ ലഭിക്കാനും തടവുകാർ സമീപിക്കുന്നതും ഇവരെ തന്നെ. പ്രതികൾക്ക് നൽകുന്ന സഹായങ്ങളുടെ പ്രതിഫലം ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കാണ് ലഭിക്കുക. ഓൺലൈനായാണ് ബന്ധുക്കളുമായുള്ള പണമിടപാട്.

അതേസമയം ആരോപണങ്ങൾ തള്ളി ജയിൽ സൂപ്രണ്ട് രംഗത്ത് എത്തി. ജയിൽ ഇപ്പോഴും ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.