അടുക്കി വച്ച കല്ലിൽ കയറാൻ ശ്രമിക്കുന്നതിനിടെ കല്ലിളകി വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കുട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിൽ പണിക്കായി അടുക്കി വച്ച കല്ല് വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂർത്തിയാവാത്ത വീട്ടിൽ പടികൾ പോലെ അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് കല്ല് അടർന്ന് ദേഹത്തേക്ക് വീണത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂനോൾമാട് എ എം എൽ പി സ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.