കണ്ണൂരിൽ തുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്, 24 മണിക്കൂറിനിടെ നാലാമത്തെ സംഭവം

കണ്ണൂർ: കണ്ണൂർ പാപിനിശ്ശേരിയിൽ ട്രെയിനിന് നേരെ വീണ്ടും ആക്രമണം. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. പാപിനിശ്ശേരിക്കും കണ്ണാപുരത്തിനും ഇടയിലാണ് സംഭവം. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. എന്നാൽ കല്ലേറാണോ ഉണ്ടായതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റെയിൽ വേ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലാമത്തെ ട്രെയിനിന് നേരെയാണ് കണ്ണൂർ, കാസർകോട് പ്രദേശങ്ങളിൽ വച്ച് കല്ലേറുണ്ടാകുന്നത്. ഞായറാഴ്ച രാത്രി മിനിട്ടുകൾക്കിടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.

മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്, ചെന്നൈ-മംഗളൂരു എക്‌സ്പ്രസ്, എറണാകുളം-ഓഖ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. വിഷയത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ട്രെയിനുകൾക്ക് നേരെ ഉണ്ടാകുന്ന കല്ലേറ് ആസൂത്രിതമെന്ന് റെയിൽ വേ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കല്ലേറുണ്ടായത്.