ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു, ദുരന്തം വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ്

ബൈക്ക് യാത്രികരായ അച്ഛനും മകളും ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് മരിച്ചു. ബംഗളൂരു സ്വദേശികളായ ശിവരാജ് (55), മകള്‍ ചൈതന്യ (19) എന്നിവരാണ് മരിച്ചത്.

ചൈതന്യയുടെ വിവാഹ നിശ്ചയച്ചടങ്ങിന് ഹാള്‍ ബുക്കു ചെയ്തശേഷം മടങ്ങുംവഴിയാണ് അപകടം. റോഡിലെ ഹംപ് കണ്ട് ബൈക്കിന്റെ വേഗം കുറച്ച് നീങ്ങവെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മറിലെ ഓയിലില്‍ മുങ്ങിയ രണ്ടുപേര്‍ക്കും ​ഗുരുതരായി പൊള്ളലേറ്റു. സ്‌കൂട്ടറും കത്തിനശിച്ചു

ബുധനാഴ്ച വൈകീട്ട് നൈസ് റോഡില്‍ മംഗനഹള്ളി പാലത്തിനുസമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശിവരാജ് ബുധനാഴ്ച രാത്രിയും ചൈതന്യ വ്യാഴാഴ്ച പുലര്‍ച്ചെയും മരിച്ചു. റോഡിന്റെ മോശം അവസ്ഥയാണ് അപകടകാരണമെന്നാണ് ആരോപണം. ബൈക്കിന്റെ വേഗം കൂട്ടിയിരുന്നെങ്കില്‍ ട്രാന്‍സ്‌ഫോര്‍മര്‍ അപകടത്തില്‍ നിന്ന് ശിവരാജും മകളും രക്ഷപെടുമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.