ട്രാൻസ്‌ജെൻഡർ പൗരന്മാർ നമ്മുടെ സമൂഹത്തിന്റെ ഭാ​ഗമാണ്, അവരും മുഖ്യധാരയുടെ ഭാ​ഗമാണ് – മോഹൻ ഭാ​ഗവത്

നാ​ഗ്പൂർ. ലൈംഗികന്യൂനപക്ഷ സമൂഹവും ട്രാൻസ്ജെൻഡേഴ്സും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവർക്കും അവകാശമുണ്ടെന്നും ആർഎസ്എസ് സംർസംഘ ചാലക് മോഹൻ ഭാ​ഗവത്.

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരവും ലൈംഗികന്യൂനപക്ഷത്തിന് തുല്യാവകാശവും ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്ന അവസരത്തിലാണ് ആർഎസ്എസ് സംർസംഘ ചാലക് മോഹൻ ഭാ​ഗവത് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഓർഗനൈസറിന് നൽകിയ അഭിമുഖത്തിലാണ് ഹിന്ദു സമൂഹം ട്രാൻസ്‌ജെൻഡർ സമൂഹത്തെയും ലൈം​ഗിക ന്യൂനപക്ഷ സമൂഹത്തെയും ഒരു പ്രശ്നമായി കാണുന്നില്ലെന്നും അവർക്ക് സ്വകാര്യവും സാമൂഹികമായ ഇടവും നൽകണമെന്നും മോഹൻ ഭാ​ഗവത് പറഞ്ഞിരിക്കുന്നത്.

ട്രാൻസ്‌ജെൻഡർ പൗരന്മാർ നമ്മുടെ സമൂഹത്തിന്റെ ഭാ​ഗമാണ്. അവർ പുതിയ ഒരു വിഭാ​ഗമല്ല. അവർ എല്ലായ്പ്പോഴും ഇവിടെ ഉണ്ടായിരുന്നു. അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ജീവിക്കാൻ അനിഷേധ്യമായ അവകാശമുള്ള മനുഷ്യരാണ് അവർ എന്ന് മനസ്സിൽ വച്ചു കൊണ്ടും, അവർക്ക് സാമൂഹിക സ്വീകാര്യത നൽകുന്നതിന് മാനുഷികമായ സമീപനത്തോടെയുമാണ് ഞങ്ങൾ ഇടപെടുന്നത്. നമുക്കൊരു ട്രാൻസ്‌ജെൻഡർ സമൂഹമുണ്ട്. അതൊരു പ്രശ്നമായി ഭാരതം കണ്ടില്ല. അവർക്ക് അവരുടേതായ ദൈവങ്ങളും ഉണ്ട്.

ഇന്ന് അവർക്ക് സ്വന്തം മഹാമണ്ഡലേശ്വരുമുണ്ട്. കുംഭസമയത്ത് അവർക്ക് പ്രത്യേക സ്ഥാനം നൽകും. അവർ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അവർക്ക് വേറിട്ട ഒരു സമൂഹിക ഇടം സ്വന്തമായി ഉണ്ടെങ്കിലും, അവരും മുഖ്യധാരയുടെ ഭാ​ഗമാണ്. ഇതിനെ കുറിച്ച് ഞങ്ങൾ വാചാലരായിട്ടില്ല, അതിനെ ആഗോള ചർച്ചാ വിഷയമാക്കി മാറ്റിയിട്ടില്ല. കാരണം അവർ ഈ സമൂഹത്തിന്റെ ഭാ​ഗം തന്നെ എന്നത് തന്നെ – മോഹൻ ഭാ​ഗവത് പറഞ്ഞു.

‘താൻ പറഞ്ഞ വസ്തുത വിശദീകരിക്കാൻ മോഹൻ ഭാ​ഗവത് ഇങ്ങനെ പറഞ്ഞു: ജരാസന്ധന് രണ്ട് സൈന്യാധിപന്മാരുണ്ടായിരുന്നു. – ഹൻസ, ദിംഭക. ദിംഭകൻ മരിച്ചു എന്ന അഭ്യൂഹം കൃഷ്ണൻ പ്രചരിപ്പിച്ചപ്പോൾ ഹൻസ യമുനയിൽ മുങ്ങി ആത്മഹത്യ ചെയ്തു. ഈ വാർത്ത് കേട്ട് ദിംഭകനും. അങ്ങനെയാണ് കൃഷ്ണൻ ആ രണ്ട് സൈന്യാധിപന്മാരെയും ഒഴിവാക്കിയത്. ഹൻസും ദിംഭകനും സ്വവർ​ഗാനുരാ​ഗികളായിരുന്നു. ഒരാളുടെ വിയോ​ഗം മറ്റേയാൾക്ക് താങ്ങാൻ സാധിച്ചില്ല.

ഈ സമൂഹം നമ്മുടെ നാട്ടിൽ സാധാരണമാണ്. മനുഷ്യർ ഉള്ളിടത്തോളം കാലം LGBT/ ട്രാൻസ്‌ജെൻഡർ വിഭാ​ഗവും ഉണ്ടാകും. ഞാൻ മൃഗ ഡോക്ടറായതിനാൽ, മൃഗങ്ങളിലും അത്തരം സ്വഭാവങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. ഇത് ജൈവികമാണ്, ഒരു ജീവിതരീതിയാണ്. അവർക്ക് അവരുടേതായ സ്വകാര്യ ഇടം ഉണ്ടായിരിക്കണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്ന് തോന്നണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് വളരെ ലളിതമായ ഒരു പ്രശ്നമാണ്. ഈ വീക്ഷണം ഞങ്ങൾ പ്രോത്സാഹിപ്പി ക്കേണ്ടതുണ്ട്, കാരണം ഇത് പരിഹരിക്കാനുള്ള മറ്റെല്ലാ വഴികളും വ്യർത്ഥമായി രിക്കും’ – മോഹൻ ഭാ​ഗവത് പറയുകയുണ്ടായി.