ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു, 12 പേർക്ക് പരിക്ക്, അപകടം വടകരയിൽ

കോഴിക്കോട്: വടകര മടപ്പള്ളിയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. കോട്ടയം പാലായില്‍നിന്ന് കാസര്‍കോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍നിന്ന് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വടകരയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സേനയുടെ രണ്ടുവാഹനങ്ങളിലും ആംബുലന്‍സുകളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അതേസമയം, തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്. പുതുച്ചേരിയിലെ പശ നിർമാണ ഫാക്ടറിയിൽ നിന്ന് വരുന്ന തൊഴിലാളികളടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. അഞ്ചുപേർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. രണ്ടുപേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സെൻഗം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.