തേക്ക് മുറിക്കുന്നതിടെ കൊമ്പ് തലയ്ക്കടിച്ചു ; ഒരു മണിക്കൂര്‍ അറുപതടി ഉയരത്തിൽ കുടുങ്ങി കിടന്നു, ദാരുണ മരണം

മലപ്പുറം : ഭീമൻ തേക്ക് മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയ്ക്കടിച്ച് മരത്തില്‍ കുടുങ്ങി തൊഴിലാളി മരിച്ചു.
വാഴക്കാട് ചെറുവട്ടൂരില്‍ ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് അപകടം ഉണ്ടായത്. കിഴിശ്ശേരി തവനൂര്‍ മുണ്ടിലാക്കല്‍ കുന്നത്ത്് അബ്ദുറസാഖ് (47) ആണ് മരിച്ചത്. അറുപതടിയോളം ഉയരമുള്ള തേക്കിനു മുകളില്‍ക്കയറി മരം മുറിക്കുന്നതിനിടെ മരത്തിന്റെ കൊമ്പ് തലയ്ക്കടിക്കുകയായിരുന്നു.

ഇതോടെ അബ്ദുറസാഖ് കൊമ്പിനിടയില്‍ കുടുങ്ങിക്കിടന്നു. തൊഴിലാളികളുടെ കൂട്ടവിളി കേട്ട് നാട്ടുകാരും ഓടിക്കൂടി. ശേഷം മരംമുറിക്കാരായ മൂന്നുപേരെത്തി മരത്തിനു മുകളില്‍ക്കയറി മരക്കൊമ്പ് വെട്ടിമാറ്റി റസാഖിനെ താഴെയിറക്കാന്‍ ശ്രമംതുടങ്ങി. അപ്പോഴേക്കും മുക്കം അഗ്നിരക്ഷാനിലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ എത്തി.

സേനയുടെ സഹായത്തോടെ സുരക്ഷിതമായി താഴെയിറക്കി സി.പി.ആര്‍. നല്‍കിയശേഷം ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അപകടം സംഭവിച്ച ശേഷം അബ്ദുറസാഖ് അറുപതടി ഉയരത്തില്‍ ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്നു.