കാട്ടാനയെ വിരട്ടിയ യുട്യൂബര്‍റുടെ വീട്ടില്‍ നോട്ടീസ് പതിക്കും; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ വനത്തില്‍ പ്രവേശിച്ചെന്ന് വനം വകുപ്പ്

അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ച കേസില്‍ പ്രതിയായ യൂട്യൂബര്‍ അമല അനുവിന്റെ വീട്ടില്‍ വനം വകുപ്പ് നോട്ടീസ് പതിക്കും. ആറ് മാസം മുമ്പ് തെന്മല വനത്തിവല്‍ പ്രവേശിച്ച അമല ഹെലിക്യാം പറത്തുകയും ക്യാമറകള്‍ ഉപയോഗിച്ച് കാട്ടാനകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ നാല് പേരുണ്ടായിരുന്നതായി വനം വകുപ്പ് പറയുന്നു.

കുട്ടിയെ വനത്തില്‍ എത്തിച്ചതിന് ബാലാവകാശ കമ്മിഷും വനം വകുപ്പ് കത്ത് നല്‍കും. അമല ഒളുവില്‍ പോയതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് വീട്ടില്‍ നോട്ടീസ് പതിക്കാന്‍ തീരുമാനിച്ചത്.

നിയമപ്രകാരം 7 വര്‍ഷം വരെ തടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനം വകുപ്പ് പറയുന്നു. വനം വന്യജീവി നിയമപ്രകാരം വന്യജീവികളുടെ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളിലോ സിനിമയിലോ ഉപയോഗിക്കുന്നത് കുറ്റകരമാണ്. സിനിമ ചിത്രീകരണത്തിന് വനം വകുപ്പിന്റെ അനുമതി വേണ്ടതാണ്.

കാട്ടാനയെ പ്രകോപിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ അമലയുടെ നടപടി അംഗീകരിക്കുവാന്‍ കഴിയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.