ഈ കുഞ്ഞിനേയും കൊന്നു ഞാനും മരിക്കണമെന്നാണോ പൃഥ്വിരാജ് പറയുന്നത്- ജിജി നികസ്ൺ

പൃഥ്വിരാജ് നായകനായെത്തിയ കടുവയിലെ ഡിസേബിൾഡായിട്ടുള്ള കുട്ടികൾക്കെതിരെ പറയുന്ന ഡയലോ​ഗ് വൻ വിവാദമായിരിക്കുകയാണ്. നമ്മൾ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾഡ് കുട്ടികൾ ജനിക്കുന്നത് എന്ന് അർഥം വരുന്ന മാസ് ഡയലോഗാണ് പൃഥ്വിരാജ് ചിത്രത്തിൽ പറയുന്നത്. ഇപ്പോളിതാ സിനിമയുടെ പശ്ചാത്തലത്തിൽ തന്റെ മകനെക്കുറിച്ച് പറയുകയാണ് ജിജി നിക്സൺ. ഈ കുഞ്ഞിനേയും കൊന്നു ഞാനും മരിക്കണമെന്നാണോ ‘കടുവ’ എന്ന പൃഥിരാജിന്റെ സിനിമ പറഞ്ഞുവയ്ക്കുന്നതു് ? ഇതു് 2016 -ലെ ഭിന്നശേഷി അവകാശ നിയമം 92 -ാം വകുപ്പു് പ്രകാരം 7 കൊല്ലം തടവ് ശിക്ഷ കിട്ടുന്ന കുറ്റകൃത്യം ആണെന്നും ഷാജി കൈലാസ്, സുപ്രിയ മേനോൻ, പ്രിഥ്വി രാജ് എന്നിവർക്കെതിരെ ക്രിമിനൽ നിയമ നടപടി തുടങ്ങിയതായും ഭീന്ന ശേഷിക്കാരനായ കുട്ടിയുടെ മാതാവ് കൂടിയായ ജിജി നിക്സൺ അറിയിച്ചു. എന്റെ കുഞ്ഞും പ്രിഥ്വിരാജിന്റെ സിനിമയിൽ വിവരിക്കുന്നത് പോലെയുള്ള ഒരു കുഞ്ഞാണ്‌. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്‌ എനിക്ക് ഇങ്ങിനെ വന്നത്. എന്നെയും എന്റെ കുഞ്ഞിനെയും അനേക ലക്ഷം ഭീന്ന ശേഷി കുഞ്ഞുങ്ങളേയും കടുവ സിനിമ അപമാനിക്കുകയാണ്‌.

കുറിപ്പിന്റെ പൂർണ്ണരൂപം

ഈ കുഞ്ഞിനേയും കൊന്നു ഞാനും മരിക്കണമെന്നാണോ ‘കടുവ’ എന്ന പൃഥിരാജിന്റെ സിനിമ പറഞ്ഞുവയ്ക്കുന്നതു? ഷാജി കൈലാസ് , സുപ്രിയ മേനോൻ, പൃഥിരാജ് കൂട്ടുക്കെട്ടിൽ പിറന്ന ‘കടുവ ‘ എന്ന സിനിമ പറഞ്ഞു് വയ്ക്കുന്നതു , ‘ഭിന്നശേഷി ‘ കുട്ടികൾ ജനിയ്ക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്നാണ് ‘ . ഇത് പാതിമരിച്ചു ജീവിക്കുന്ന ഇത്തരം ലക്ഷകണക്കിനു കുട്ടികളോടും, അവർക്ക് വേണ്ടി തങ്ങളുടെ ജീവിതം ബലികഴിച്ച് അവരെ സംരക്ഷിക്കുന്ന മാതാപിതാക്കൾക്കും അപമാനമാണ് . ഇത് 2016 -ലെ ഭിന്നശേഷി അവകാശ നിയമം 92 -ാം വകുപ്പു പ്രകാരം കുറ്റകൃത്യവുമാണ്.

എന്റെ മകൻ ശാലോം നിക്സൻ തലച്ചോറ് പാതി മരിച്ച് ശരീരം 80% ശതമാനം തളർന്ന ഒരു കുഞ്ഞാണ്. ഒരു ഡോക്ടറിന്റെ കൈപ്പിഴയും, പണത്തോടുള്ള ആർത്തിയും ആണ് എന്റെ കുഞ്ഞിന്റെ ജീവിതം തകർത്തത് . ബ്ളീഢിംഗ് ആയി കൊട്ടാരക്കരയിലുള്ള ഒരു ആശ്പത്രിയിൽ രാത്രി 8 മണിക്കാണ് എന്നെ അഡ്മിറ്റു് ചെയ്തത്. അപ്പോൾ ആ ആശ്പത്രിയിൽ അനസ്തേഷ്യാ ഡോക്ടർ ഇല്ലായിരുന്നു. അവർ ഇതു ഞങ്ങളെ അറിയിച്ചില്ല. തിരുവനന്തപുരത്തു നിന്നും അവർ അവരുടെ സ്ഥിര ഡോക്ടറെ വിളിച്ചു് വരുത്തിയപ്പോഴേയ്ക്കും സമയം 11 മണി കഴിഞ്ഞിരുന്നു്‌ . തുടർന്ന് സർജറി ചെയ്തു് കുഞ്ഞിനെ പുറത്തെടുത്തോപ്പോഴേയ്ക്കും കുഞ്ഞു് തലച്ചോറിലേക്കുള്ള ഓക്സിജൻ നിലച്ചു ശരീരം 80 % തളർന്നു പോയിരുന്നു. എന്നിട്ടും ഞങ്ങൾ ആ ഡോക്ടറിന്റെ കണ്ണീരീനെ പ്രതി ആ ഡോക്ടറോടു ക്ഷമിച്ചു . ശരീരം തളർന്നു പാതിമരിച്ചു ജീവിക്കുന്ന ഞങ്ങളുടെ ശാലോം മോനു വേണ്ടി ആണ് ഞങ്ങൾ ഇന്നു ജീവിക്കുന്നതു തന്നെ. അവനെ ഞങ്ങൾ പൊന്നുപോലെ നോക്കുന്നുണ്ടു. അവൻ ഞങ്ങളുടെ ജീവനാണു. അവനില്ലാത്ത ഒരു ജീവിതം ഞങ്ങൾക്കും വേണ്ടാ…

ഞങ്ങളുടെ പാപം ആണോ മിസ്റ്റർ പൃഥിരാജ് ഞങ്ങളുടെ മകൻ ഇന്നു് അനുഭവിക്കുന്നത് ? തെറ്റും, കുറ്റവും,കുറവുകളും ഇല്ലാത്തവരായി ഈ ലോകത്തിൽ ആരും തന്നെ ഇല്ല. എന്നാൽ സ്വന്തം കുഞ്ഞു തളരുവാൻ തക്ക എന്തു പാപം ആണു് മിസ്റ്റർ ഞങ്ങൾ ചെയ്തത് ? 19 -ാം വയസ്സിൽ വിവാഹിതയായ ഞാൻ ഇന്നുവരെ ഒരു് ആളേയും ദ്രോഹിച്ചിട്ടില്ല. എന്റെ മുഴുവൻ സ്വർണ്ണവും വിറ്റു ജീവകാരുണ്യ പ്രവൃത്തികൾ ചെയ്ത ഒരു വൃക്തിയാണു് ഞാൻ . ഇന്നെനിക്കു് ഒരു തരി സ്വർണ്ണം പോലും ഇല്ല. വിവാഹം കഴിഞ്ഞു ഇന്നുവരെ സമ്പാദിച്ച തുകയിൽ 4 ലക്ഷം രൂപ ഒഴിച്ച് മുഴുവൻ സമ്പാദ്യവും ദാനധർമ്മം ചെയ്ത ഒരു് അമ്മയാണു ഞാൻ . തെരുവിലലഞ്ഞ അനേകർക്ക് ആരുമറിയാതെ സഹായം ചെയ്തു അവരെ ജീവിതത്തിലേയ്ക്കു കൊണ്ടുവന്ന ഒരമ്മയാണു ഞാൻ . അനേകം മാനസികരോഗികളെ തെരുവിൽ നിന്നു് വലിച്ചെടുത്തു ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേയ്ക്കു് കൊണ്ടു വന്ന ഒരമ്മയാണു് ഞാൻ. ഇൻഡ്യ മുഴുവൻ സംഞ്ചരിച്ചു് 18 വർഷം ജീവകാരുണ്യ പ്രവൃത്തികൾ ചെയ്ത ഒരു അമ്മയാണു ഞാൻ . സ്വന്തം കുഞ്ഞു തളരുവാൻ തക്കവണ്ണം ഞാൻ ചെയ്ത പാപം എന്താണ് ഷാജി കൈലാസ് ?. പറയൂ സുപ്രിയാ മേനോൻ. ഉത്തരം നല്കൂ മിസ്റ്റർ പൃഥിരാജ് .

ഈ സിനിമ കാണുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കു് ഒരിക്കലെങ്കിലും തങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കാൻ ആവുമോ ? ഈ സിനിമ കാണുന്ന അന്ധവിശ്വാസികൾ ഇനി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളോടു് എങ്ങിനയായിരിക്കും പ്രതികരിക്കുക ? എന്തു സന്ദേശമാണ് നികൃഷ്ടന്മാരെ നിങ്ങൾ ഈ സിനിമയിലൂടെ സമൂഹത്തിനു് നല്കുന്നത് ? ലക്ഷകണക്കിന് പാവപ്പെട്ട,ഭിന്നശേഷിക്കാരായ കുട്ടികളുടേയും , അവരുടെ മാതാപിതാക്കളുടേയും ജീവിക്കാനുള്ള അവകാശം ആണു് നിങ്ങൾ ചോദ്യം ചെയ്തത്.

കടുവ എന്ന സിനിമ നിങ്ങൾക്ക് പണവും പ്രശസ്തിയും നൽകിയേക്കാം. പക്ഷേ പാപം എന്തെന്നു് പോലും അറിയാതെ ഈ ഭൂമിയിൽ മരിച്ചു ജീവിക്കുന്ന ലക്ഷോപലക്ഷം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നിങ്ങളുടെ സിനിമ ചവിട്ടി മെതിച്ചു, തകർത്തെറിഞ്ഞു, അപമാനിച്ചു. സർവ്വോപരി നിങ്ങൾ അവരെ ശാപഗ്രസ്തർ എന്നു് വിളിച്ചു കൊല്യ്ക്കു് കൊടുത്തിരിയ്ക്കുകയാണ് ചെയ്തത്. കൂടാതെ നിങ്ങൾ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ,അവർക്കായി ജീവിക്കുന്ന ലക്ഷകണക്കിനു മാതാപിതാക്കളെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തു ആ നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ കണ്ണീരും ശാപവും നിങ്ങളുടെ അടിവേരുകൾ ഇളക്കുംമിസ്റ്റർ പൃഥിരാജ്, നിങ്ങളുടെ ഭാഷയിൽ ശപിക്കപ്പെട്ട ആ കുഞ്ഞുങ്ങളും അവരെ നോക്കുന്ന ഞങ്ങളെ പോലുള്ള ശപിക്കപ്പെട്ട മാതാപിതാക്കളും ഇനി എന്തിനാണു് ജീവിക്കുന്നത് ???