കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറിനല്‍കി, സംഭവം വീട്ടുകാരറിഞ്ഞത് സംസ്‌കാരത്തിനു ശേഷം; രണ്ട് വാര്‍ഡന്‍മാര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതിനെത്തുടര്‍ന്ന് രണ്ട് വാര്‍ഡന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്റെ മൃതദേഹമാണ് ചേറ്റുവ സ്വദേശി സഹദേവന്റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് സെബാസ്റ്റ്യനും സഹദേവനും കൊവിഡ് ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്.

സഹദേവന്റെ ബന്ധുക്കള്‍ പതിനൊന്നു മണിയോടെ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി മുഖം മറച്ചായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയത്. ഉച്ചയോടെ സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയ സംഭവം അറിയുന്നത്. എന്നാല്‍ ഇതിനോടകം സഹദേവന്റെതെന്ന് കരുതി സെബാസ്റ്റ്യന്റെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചിരുന്നു.

ശേഷം സഹദേവന്റെ ബന്ധുക്കള്‍ ഉച്ചയോടെ വീണ്ടും ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. സെബാസ്റ്റ്യന്റെ ചിതാഭസ്മം അവരുടെ ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ രണ്ട് വാര്‍ഡന്‍മാരെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.