ഡ്രൈനേജ് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമായെന്ന് ജനം, വികസന മാതൃക പഠിക്കാൻ മേയർ ബാഴ്‌സിലോണയിൽ

തിരുവനന്തപുരം : തലസ്ഥാനത്തെ വികസനപദ്ധതികളിലെ പാളിച്ചകൾ അടുത്തിടെ പെയ്തിറങ്ങിയ മഴയിൽ നാം കണ്ടതാണ്. വികസനത്തിൽ നാം മുന്നോട്ടാണെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നതിനിടെയാണ് ഇന്നുവരെ വെള്ളപ്പൊക്കം കണ്ടിട്ടില്ലാത്ത തലസ്ഥാനവാസികൾ അതും അനുഭവിച്ചറിഞ്ഞത്. ഇത് വികസനപദ്ധതികളിലെ പാളിച്ചകൾ കരണമാണെന്നത് പകൽ പോലെ വ്യക്തമാണ്. ഇതിനിടെയാണ് വികസന മാതൃക പഠിക്കാൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വിദേശത്തേക്ക് പോയിരിക്കുന്നത്.

നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്‌സ്‌പോയുമാണ് ബാഴ്സിലോണയിൽ നടക്കുന്നത്. ഇതിൽ മേയർ പങ്കെടുക്കുമ്പോളും സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് മേയറുടെ വാർഡിലെ അമ്പതോളം കുടുംബങ്ങൾ. തിരുവനന്തപുരം കോർപ്പറേഷനിലെ മുടവൻമുകൾ ഡിവിഷനിലെ ദേവി നഗറിലെ ജനങ്ങളാണ് ഡ്രൈനേജ് പൊട്ടി മലിന ജലം കെട്ടികിടക്കുന്നത് മൂലം പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടുന്നത്.

ഡ്രൈനേജ് പൊട്ടി പൊളിഞ്ഞിട്ട് രണ്ട് മാസമായി. മേയറെ വിളിച്ച് പറയുമ്പോൾ ഒരു പ്രതീകരണവും ഇല്ലെന്ന് പ്രദേശവാസികൾ പറയുന്നു. മേയറെ ഫോണിൽ വിളിക്കുമ്പോൾ എടുക്കുന്നത് മേയറുടെ അച്ഛനാണ്. അദ്ദേഹം പറയുന്നത് നിങ്ങളെ കൊണ്ട് ശല്യമായല്ലോ എന്നാണ്.

വിദേശത്തെ മാതൃക കണ്ടെങ്കിലും തങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ പറ്റുമോ എന്നാണ് ജനങ്ങളുടെ ചോദ്യം. അടിയന്തരമായി പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ദേവി ന​ഗറിലെ ജനങ്ങൾ ഉപരോധ സമരം സംഘടിപ്പിച്ചു. ​ന​ഗരത്തിലെ ജനങ്ങൾ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ടിന് ശ്വാശതമായ പരിഹാരം കാണാൻ ഇതുവരെ കോർപ്പറേഷന് സാധിച്ചിട്ടില്ല.