ഇടത്-വലത് കക്ഷികള്‍ക്ക് ഭീഷണി – ട്വന്റി 20 സംസ്ഥാന പാര്‍ട്ടിയാക്കും; 20000 കമ്മിറ്റികള്‍ വരും

 

കൊച്ചി/ ഇടത്-വലത് കക്ഷികള്‍ക്ക് ഭീഷണി ഉയർത്തികൊണ്ട് ട്വന്റി 20 സംസ്ഥാന പാർട്ടി ആക്കുന്നു. സംസ്ഥാന തലത്തിൽ 20000 കമ്മിറ്റികള്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് പാർട്ടി. സിപിഎമ്മിനും കോണ്‍ഗ്രസിനും നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കമാണിത്. കിഴക്കമ്പലം പഞ്ചായത്തില്‍ അപ്രതീക്ഷിത വിജയം നേടുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്ത ട്വന്റി 20 കൂട്ടായ്മയുടെ പ്രവര്‍ത്തനം സംസ്ഥാനം തലത്തിൽ വിപുലമാക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചാണ് സംസ്ഥാനത്ത് ട്വന്റി 20 പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി ട്വന്റി 20 അംഗത്വ കാമ്പയിന്‍ ആരംഭിക്കുകയാണ്.

പാര്‍ട്ടിക്ക് ജില്ലാ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്ന് അധ്യക്ഷന്‍ സാബു എം ജേക്കബ് പറയുന്നു. അഴിമതി ലഹിത ഭരണമാണ് പാർട്ടി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയകരമായി പരീക്ഷിച്ച തന്ത്രങ്ങള്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാനാണ് ട്വന്റി 20 ലക്ഷ്യമിടുന്നത്. കിഴക്കമ്പലം പഞ്ചായത്തില്‍ വേറിട്ട ഭരണരീതിയാണ് ട്വന്റി 20 മുന്നോട്ട് വച്ചത്. പ്രഖ്യാപനങ്ങളല്ല, പകരം പ്രവര്‍ത്തിച്ച് കാണിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നുമാണ് പറഞ്ഞിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമായിരുന്നു എങ്കിലും ട്വന്റി 20ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഇവരുടെ സാന്നിധ്യം പലരെയും പരാജയപ്പെടുത്താനും വിജയിപ്പിക്കാനും സാധിക്കും എന്നതാണ് നിർണായകം. സംസ്ഥാന തലത്തില്‍ എഎപിയുമായി സഹകരിച്ചാണ് തുടർന്നുള്ള പ്രവർത്തനങ്ങൾ പാർട്ടി നടത്തുക.

ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച എഎപി, തങ്ങളുമായി സഹകരിക്കാന്‍ തീരുമാനിച്ചത് അംഗീകാരമായിട്ടാണ് ട്വന്റി 20 കാണുന്നത്. സംസ്ഥാന തലത്തില്‍ ഞായറാഴ്ച മുതല്‍ അംഗത്വ കാമ്പയിന്‍ ആരംഭിക്കുകയാണ്. മികച്ച പ്രതികരണം യുവജനങ്ങളില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ട്വന്റി 20. ഓണ്‍ലൈന്‍ വഴിയുള്ള കാമ്പയിനാണ് പാർട്ടി ഇപ്പോൾ മുഖ്യമായും നടത്തുന്നത്. ഞായറാഴ്ച കോലഞ്ചേരിയില്‍ അംഗത്വ വിതരണ പരിപാടി നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ പ്രകടന പത്രികയും അന്ന് പുറത്തിറക്കും. മൂന്ന് തരത്തിലുള്ള അംഗത്വമാണുണ്ടാകുക. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവര്‍ക്ക്, വിദേശത്തുള്ളവര്‍ക്ക് എന്നിങ്ങനെ തരം തിരിച്ചാണ് അംഗത്വം നല്‍കുക. മറ്റു പാര്‍ട്ടിയിലുള്ളവര്‍ക്കും രാജിവച്ച് ട്വന്റി 20യില്‍ ചേരാന്‍ കഴിയും. അധ്യക്ഷന്‍ സാബു എം ജേക്കബ് പറയുന്നു.

ഓണ്‍ലൈന്‍ വഴിയാണ് അംഗത്വം നല്‍കുക. 30 സെക്കന്റ് കൊണ്ട് അംഗത്വമെടുക്കാം. മെംബര്‍ഷിപ്പ് ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും. ഫണ്ട് കളക്ഷന്‍ ബാങ്ക് വഴി മാത്രമായിരിക്കും. സംസ്ഥാന തലത്തില്‍ 11 അംഗ നിര്‍വാഹക സമിതിയാകും നേതൃത്വം നല്‍കുക. ജില്ലാ കമ്മിറ്റികളുണ്ടാകില്ല. നിയോജക മണ്ഡലത്തില്‍ അഞ്ചംഗ കമ്മിറ്റികളും വാര്‍ഡ് തലത്തില്‍ ഏഴംഗ കമ്മിറ്റികളും പ്രവര്‍ത്തിക്കും.

ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാന, മണ്ഡല, വാര്‍ഡ് കമ്മിറ്റികളാണുണ്ടാകുക. ആറ് മാസം കൊണ്ട് 20000 കമ്മിറ്റികള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പ് ട്വന്റി 20 പ്രതീക്ഷിക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള മനക്കരുത്തുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ സഖ്യം നടത്തുന്നത് എന്നാണ് വ്യക്തമാകുന്നത്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനുള്ള നീക്കവും ട്വന്റി 20-എഎപി സഖ്യം നടത്തുന്നുണ്ട്. ഡല്‍ഹിക്ക് പുറമെ പഞ്ചാബും പിടിച്ചാണ് എഎപിയുടെ കേരളത്തിലേക്കുള്ള വരവ്. ആദ്യം കിഴക്കമ്പലവും പിന്നീട് സമീപ പഞ്ചായത്തുകളിലും ഭരണം പിടിച്ച ട്വന്റി 20 ക്ക് കേരള ജനതക്കിടയിൽ എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് കണ്ടു തന്നെ അറിയണം.