മഹാരാഷ്ട്രയിൽ ഭരണമാറ്റത്തിനു പിന്നാലെ ഇന്ധന വില കുറച്ച് ഷിൻഡെ സർക്കാർ; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറയും

മുംബൈ: മഹാരാഷ്ട്രയിൽ ഭരണമാറ്റത്തിനു പിന്നാലെ ഇന്ധന വില കുറച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ. പെട്രോൾ ലീറ്ററിന് 5 രൂപയും ഡീസൽ ലീറ്ററിന് മൂന്നു രൂപയുമാണ് കുറച്ചത്.

ഇതോടെ നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് പ്രതിവർഷം 6,000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. എങ്കിലും പണപ്പെരുപ്പം കുറയ്ക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് മുഖ്യമന്ത്രി ഷിൻഡെ ചൂണ്ടിക്കാട്ടി.

ഇന്ധനത്തിൻമേലുള്ള വാറ്റ് നികുതി കുറയ്ക്കുമെന്ന വാക്കു പാലിച്ചാണ് ഷിൻഡെ പെട്രോൾ, ഡീസൽ വില കുറച്ചത്. ജനക്ഷേമത്തിനുള്ള ശിവസേന–ബിജെപി സർക്കാരിന്റെ പ്രതിബന്ധതയുടെ ഭാഗമായാണ് വില കുറച്ചതെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വിശദീകരിച്ചു. ഇന്ന് പെട്രോള്‍ ലീറ്ററിന് 111.47 രൂപയും ഡീസല്‍ 95.95 രൂപയുമാണ് വില.