മണ്ണാർക്കാട് ഹോട്ടലില്‍ തീപ്പിടിത്തം; രണ്ട് പേർ മരിച്ചു

മണ്ണാർക്കാട് ഹോട്ടലിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിനാണ് തീപിടിച്ചത്. ഹോട്ടൽ പൂർണമായും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നാല് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തീ ഇതിനകം പൂർണമായും അണച്ചിട്ടുണ്ട്.

രണ്ട് തൊഴിലാളികളാണ് മരിച്ചത്. ഇവർ മലപ്പുറം കോട്ടക്കൽ സ്വദേശികളാണ്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാൽ അഗ്നിശമന സേനാംഗങ്ങളെത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്. കൂടുതൽ മരണങ്ങളില്ല എന്നാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.