ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പോലീസ് പിടികൂടി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പോലീസ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയി്‌ലായവരുടെ എണ്ണം 12 ആയി. ഇതില്‍ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് രണ്ട് പേരുടെ കസ്റ്റഡി രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത ഇവരെ ആലപ്പുഴയില്‍ എത്തിച്ചു. ഇന്ന് വൈകിട്ടോടെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. തിരിച്ചറിയില്‍ പരേഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തേണ്ടതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ മാസം 19നാണ് രണ്‍ജീത് കൊല്ലപ്പെടുന്നത്. ആറ് ബൈക്കുകളിലായി എത്തിയ 12 പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത്. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇതോടെ കൊലയില്‍ നേരിട്ട് പങ്കെടുത്ത ആറ് പേര്‍ പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍, തെളിവ് നശിപ്പിച്ചവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇനി പത്ത് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ ഇന്നലെ റിമാന്‍ഡ് ചെയ്ത രണ്ട് പേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.