വ്യക്തിപരമായ കാര്യങ്ങള്‍ പറയാനല്ല മന്ത്രിമാരെ വിളിക്കുന്നത്; ഫോണെടുക്കാറില്ലെന്ന് യു പ്രതിഭ എംഎല്‍എ

ആലപ്പുഴ: ഇടതു സര്‍ക്കാറിലെ ഒരു മന്ത്രിക്കെതിരെ പേരു പറയാതെ വിമര്‍ശനം ഉന്നയിച്ചു യു പ്രതിഭ എംഎല്‍എ. പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്നില്ലെന്നണ് പ്രതിഭ വിമര്‍ശനം ഉന്നയിച്ചത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവേയാണ് പ്രതിഭയുടെ വിമര്‍ശനം. എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരുമന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം. എന്നാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന് എംഎല്‍എ പ്രസംഗത്തില്‍ പറഞ്ഞില്ല.

എംഎല്‍എയുടെ വാക്കുകള്‍ ഇങ്ങനെ:

‘തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഞങ്ങളുടെ വിഷമം എന്ന് പറയുന്നത്, ആപൂര്‍വമായി മാത്രമാണ് മന്ത്രിമാരെ വിളിക്കുന്നതെന്നും’ പ്രതിഭ പറഞ്ഞു.

അതേസമയം ഇടതു എംഎല്‍എയുടെ പരസ്യ വിമര്‍ശനത്തോടെ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. വീണാ ജോര്‍ജ്ജിനെയാണ് പ്രതിഭ ഉന്നം വെച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഭ വിമര്‍ശനം ഉന്നയിച്ചിരുന്നു.