യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി∙ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചതായി പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയാണ്. പിതാവ് ഷെയ്‌ഖ് സായിദിന്റെ മരണത്തെത്തുടർന്ന് 2004 നവംബർ മൂന്നിനാണ് ഷെയ്‌ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്.

1948 സെപ്റ്റംബര്‍ 7ന്‌ ജനിച്ച ഷെയ്‌ഖ് ഖലീഫ, 1971ൽ യുഎഇ രൂപവൽക്കരിക്കപ്പെട്ടപ്പോൾ ഇരുപത്താറാം വയസ്സിൽ ഉപപ്രധാനമന്ത്രിയായി. അഞ്ചു വർഷത്തിനു ശേഷം 1976 മേയിൽ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു. പ്രസിഡന്റ് എന്ന നിലയിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവൻ കൂടിയായിരുന്നു ഖലീഫ.