തെലുങ്കാന പോലീസിനെ പരിഹസിച്ച് യുഎപിഎ കേസ് പ്രതി, ദി മലബാർ ജേണൽ യൂട്യൂബ് ചാനൽ മേധാവി ഉൾപ്പെടെ ഏഴോളം മലയാളികൾക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തിരുന്നു

ദി മലബാർ ജേണൽ യൂട്യൂബ് ചാനൽ മേധാവി ഉൾപ്പെടെ ഏഴോളം മലയാളികൾക്കെതിരെ നക്സൽ ബന്ധത്തെ തുടർന്ന് തെലുങ്കാന പോലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞടുക്കുന്ന വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്. മലയാള മാധ്യമങ്ങളിൽ മിക്കതും ഇക്കാര്യം പുറത്തുവിട്ടില്ല. വളരെ നിർണായകമായ കേസിലാണ് തെലുങ്കാന പോലീസ് ഇവർക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. യുഎപിഎ ചുമത്തിയ പ്രതികളിൽ ഒരാൾ തെലുങ്കാന പോലീസിനെ കുപ്രസിദ്ധിയാർജിച്ചത് എന്ന് പരിഹസിച്ചും കേസിനെ പരിഹസിച്ചും രം​ഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് റഷീദ് സിപി ചെറുകപ്പള്ളി തെലുങ്കാന പോലീസിനെ പരിഹസിച്ചത്.

അങ്ങനെ ഞാനും യുഎപിഎ ക്ലബ്ബിൽ അംഗമായി. ഏറെ കുപ്രസിദ്ധമായ തെലുങ്കാനാ പോലീസാണതിന് അവസരം ഒരുക്കിയിരിക്കുന്നത്. വാസുവേട്ടന്റെ സമരമടക്കം പല വിഷയങ്ങളിലും സജീവമായി തെരുവിലിറങ്ങുമ്പോൾ ഓർക്കാറുണ്ട്. പണി വരുന്നത് എപ്പോഴാവും എന്ന്. ഈ സമയത്ത് സ്റ്റാൻ സ്വാമി പറഞ്ഞത് തന്നെ ആവർത്തിക്കാനാണ് താല്പര്യം. ജനാധിപത്യത്തിന് വേണ്ടി മർദ്ദിത ജനത പൊരുതുമ്പോൾ ഒരു കാഴ്ചക്കാരനായി നിന്നില്ല എന്നതായിരുന്നു ആ മഹാ പ്രഖ്യാപനം.

നീതിയ്ക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട ജനാധിപത്യ പുരോഗമന വ്യക്തിത്വങ്ങളെ ഏറ്റവും ക്രൂരമായി വേട്ടയാടിയ ഭീമാകൊറേഗാവ് കേസിന് സമാനമായ മറ്റൊരു കള്ള കേസുമായി രംഗത്തിറങ്ങിയിരിക്കുകയാണ് തെലുങ്കാന പോലീസ് . നിരവധി യുഎപിഎ വകുപ്പുകളും രാജ്യദ്രോഹവും ഒക്കെ കുത്തിനിറച്ച എഫ്ഐആർ ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.

മാധ്യമപ്രവർത്തകനും മലബാർ ജേർണൽ എഡിറ്റർ ഇൻ ചീഫുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ്​ അടക്കം ഏഴ്​ പേരാണ് ഈ കേസിൽ ഉൾപ്പെട്ട മലയാളികൾ. മാർക്​സിസ്​റ്റ്​ ചിന്തകനും എഴുത്തുകാരനുമായ കെ. മുരളി (അജിത്ത്​), മനുഷ്യാവകാശ പ്രവർത്തകൻ സി.പി. റഷീദ്​, സി.പി. ഇസ്​മായിൽ, സി.പി. മൊയ്​തീൻ (മലപ്പുറം), പ്രദീപ്​, വർഗീസ്​ എന്നിവരാണ്​ പ്രതിപ്പട്ടികയിലുളള മലയാളികൾ.