ടൂള്‍ കിറ്റ് കേസിൽ ദിഷ രവിക്ക് എതിരെ യുഎപിഎ ചുമത്തിയേക്കും

ടൂള്‍ കിറ്റ് കേസിൽ കുറ്റാരോപിതരായ ദിഷ രവിക്ക് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയേക്കും. ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധപ്രചാരണങ്ങളിലേക്ക് നയിക്കുന്നത് ചൂണ്ടിക്കാട്ടിയാകും യുഎപിഎ ചുമത്തുക.

കേസുമായി ബന്ധപ്പെട്ട കുറ്റാരോപിതര്‍ക്ക് എതിരെ യുഎപിഎ ചുമത്തുന്നതടക്കമുള്ള നിര്‍ണായക നീക്കങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഈ ആഴ്ച ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. അന്വേഷണ സംഘത്തിന്റെ യോഗം തിങ്കളാഴ്ച കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടക്കും. ഇതിന് ശേഷമാകും നടപടികള്‍. നിലവിൽ വിവിധ സാമൂഹ്യ മാധ്യമങ്ങളും മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കളും നല്‍കിയ വിവരങ്ങൾ പൊലീസ് അവലോകനം ചെയ്ത് വരികയാണ്.

അതേസമയം,ഇടക്കാല ജാമ്യം ലഭിച്ച നികിതയും ശാന്തനുവും ഡല്‍ഹി കോടതികളെ ഈ ആഴ്ച സമീപിക്കും. നിയമ സഹായം തേടി പ്രമുഖ അഭിഭാഷകരെ ഇരുവരും ഇതിനകം സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ചൊവാഴ്ച ദിഷയ്ക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ പേരെ ഈ ആഴ്ച തന്നെ പ്രതിപട്ടികയില്‍ സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.