ശബരിമല വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തു കളിച്ചു; കുമ്മനം രാജശേഖരൻ

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്നും വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുകയായിരുന്നെന്നും ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. ഭക്തർക്കൊപ്പം നിന്ന് ത്യാഗം സഹിച്ചത് ബിജെപി പ്രവർത്തകർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ കൈകൊണ്ട നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ആയുധമാക്കും. മുൻപും ശബരിമല വിഷയത്തിൽ ഇരു മുന്നണികളെയും കുമ്മനം കടന്നാക്രമിച്ചിരുന്നു. ഉമ്മൻചാണ്ടിക്കും കോൺഗ്രസിനും ആത്മാർത്ഥതയുണ്ടെങ്കിൽ ഭക്തർക്കു വേണ്ടി രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ശബരിമല വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്ന ഭക്തജന വിരുദ്ധമായ നിലപാടുകളൊന്നും വോട്ടർമാർ മറന്നിട്ടില്ല. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഭക്തരോട് ചെയ്ത ദ്രോഹം ജനങ്ങൾ മറക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.