മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം. യുഡിഎഫിന്റെ നേതൃത്വത്തില്‍ ഈ മാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധം. അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഉപരോധം സംഘടിപ്പിക്കുന്നത്.

റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം എന്ന പരിപാടിയില്‍ ഒന്നരലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചത്. ഇതിന് മുന്നോടിയായി ഈ മാസം 10നും 15നും ഇടയില്‍ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 12 വോളന്റിയര്‍മാരുടെ വിളംബര ജാഥ സംഘടിപ്പിക്കും. തുടര്‍ന്ന് 18ന് തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ രാവിലെ ആറ് മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും.

അതേസമയം സര്‍ക്കാരിന്റെ ജനകീയ സദസുകള്‍ക്ക് ബദലായി 140 നിയോജക മണ്ഡലത്തിലും യുഡിഎഫ് കുറ്റവിചാരണം ജനകീയ സദസുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിനെതിരെ തയാറാക്കുന്ന ഈ കുറ്റപത്രത്തിലൂടെ തകരുന്ന കേരളത്തിന്റെ യഥാര്‍ഥ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.