യുക്രൈനില്‍ യുദ്ധ ഭൂമിയിലേക്ക് പോകുന്നതിന് മുന്‍പ് അച്ഛനെ കണ്ണീരോടെ യാത്രയാക്കി മകള്‍

കീവ്:  യുക്രൈനിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ റഷ്യ ഒരുങ്ങിയിറങ്ങുമ്ബോള്‍ പുറത്തുവരുന്നത് വേദനാജനകമായ ദൃശ്യങ്ങളാണ്. റഷ്യന്‍ ആക്രമണത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന യുക്രൈനില്‍നിന്ന് യുദ്ധ ഭൂമിയിലേക്ക് പോകുന്നതിന് മുന്‍പ് ഒരച്ഛന്‍ മകളെ കണ്ണീരോടെ യാത്രയാക്കുന്ന കാഴ്ച ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ കാണാനാവില്ല.

മകളെ സുരക്ഷിത സ്ഥാനത്തേക്കുമാറ്റും മുന്‍പ് മകള്‍ക്ക് കണ്ണീരോടെ ഉമ്മ നല്‍കി യാത്രയാക്കുന്ന അച്ഛന്റെ ദൃശ്യങ്ങള്‍ കണ്ണുനനയ്ക്കും. മകളുടെ തൊപ്പി നേരെയാക്കി, ഉമ്മ നല്‍കി, അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച്‌, നെഞ്ചോട് ചേര്‍ന്ന് വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. സങ്കടം സഹിക്കാനാവാതെ കുഞ്ഞുമകള്‍ വാവിട്ട് കരയുന്നുമുണ്ട്. തിരിച്ച്‌ വരുമെന്ന് ഉറപ്പില്ലാത്ത, ഇനി കണ്ടുമുട്ടുമോ എന്നറിയാത്ത ആ യാത്രപറച്ചിലില്‍ അയാള്‍ തന്റെ ഭാര്യയെയും കുഞ്ഞിനെയും ചേര്‍ത്ത് പിടിച്ച്‌ നിറകണ്ണുകളോടെ ആശ്വസിപ്പിക്കുന്നു.

മകളെ സുരക്ഷിത സ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യം സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ് അദ്ദേഹം. 1860 ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്നാണ് യുക്രൈനിന്റെ നിര്‍ദേശം. സ്വയരക്ഷയ്ക്കായി സൈന്യം പൗരന്മാര്‍ക്ക് ആയുധം നല്‍കി തുടങ്ങി. സ്വതന്ത്ര മാധ്യമമായ ന്യൂ ന്യൂസ് ഇയു ആണ് വീഡിയോ ട്വീറ്റ് ചെയ്തത്.