കിടപ്പുമുറിയിലേക്ക് മേൽക്കൂര തകർത്തുകൊണ്ട് വന്ന് പതിച്ച് ഉൽക്ക, പഴക്കം കോടിക്കണക്കിന് വർഷങ്ങളെന്ന് ശാസ്ത്രജ്ഞർ

ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയിൽ കിടപ്പുമുറിയിലേക്ക് മേൽക്കൂര തകർത്തുകൊണ്ട് വന്ന് പതിച്ച് ഉൽക്ക. ഹോപ്‌വെൽ ടൗൺഷിപ്പിലെ സുസി കോപ് എന്ന സ്‌ത്രീയുടെ വീടിനുള്ളിലാണ് ഉൽക്ക വന്ന് പതിച്ചത്. വീടിന് നേരെ ആരോ കല്ലെറിഞ്ഞതാണെന്നാണ് ആദ്യം കുടുംബം കരുതിയത്. എന്നാൽ മേയ് 11ന് ഗവേഷകർ ഇത് ചർച്ച നടത്തി ഉൽക്കാശിലയാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 4.6 ബില്യൺ പഴക്കമുള്ള ശിലയാണിത്. ആറിഞ്ച് നീളവും നാലിഞ്ച് വീതിയും ശിലയ്‌ക്കുണ്ട്.

ഏപ്രിൽ 19 മുതലാണ് അക്വാറിഡ്സ് എന്ന ഉൽക്കാവർഷം ഭൂമിക്കരികിലെത്തി കടന്നുപോയത്. ഈ ഉൽക്കാവർഷത്തിന്റെ ഭാഗമായുള്ള ബഹിരാകാശത്തിലെ പാറയാകാം ഇത് എന്നാണ് സൂചന. റേഡിയോ ആക്‌ടീവ് വികിരണം ഉണ്ടായെന്ന് പരിശോധിച്ച് ഇല്ലെന്ന് ഉറപ്പുവരുത്തി.

ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ഗവേഷകർ ഇതിന്റെ ഘടന പഠിച്ചു വരികയാണ്. സൗരയൂഥത്തിലെ ആദ്യ കാല അവശിഷ്‌ടമാണെന്ന് കണ്ടെത്തിയ ഈ കല്ല് ഭൂമിയിലെ ഭാഗമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സാധാരണ ഇവയെല്ലാം ഭൂഗുരുത്വത്തിന്റെ ശക്തിയിൽ അന്തരീക്ഷത്തിൽ വച്ചുതന്നെ കത്തിപ്പോകുകയാണ് പതിവ്. വളരെ അപൂർവമായാണ് ഇവ ഭൂമിയിൽ പതിക്കുക.