പെയിന്റിങ് പണിക്ക് പോകുന്ന സമയത്താണ് കോമഡി സ്റ്റാര്‍സില്‍ അവസരം ലഭിക്കുന്നത്, അതു വലിയൊരു അനുഗ്രഹമായി, ഉല്ലാസ് പന്തളം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിമിക്രി കലാകാരനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലെത്തിയ താരം തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കോമഡി സ്റ്റാര്‍സ് അടക്കം ടെലിവിഷന്‍ പരിപാടികളൊക്കെ കിട്ടിയത് ജീവിതത്തില്‍ വലിയൊരു അനുഗ്രഹമായിരുന്നു. കലാകാരന്‍ ആണെന്ന് കരുതി പ്രോഗ്രാം ഇല്ലാതെയാവുമ്പോള്‍ എന്ത് പണിയ്ക്കും ഇറങ്ങാറുണ്ടായിരുന്നു എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉല്ലാസ് പറഞ്ഞു.

ഉല്ലാസിന്റെ വാക്കുകള്‍ ഇങ്ങനെ, ഉല്ലാസ് എന്നായിരുന്നില്ല ആദ്യം തനിക്ക് അച്ഛനിട്ട പേര്. നീല ലോഹിതദാസന്‍ എന്നായിരുന്നു. അമ്മ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണിത്. പിന്നീട് അമ്മയുടെ അമ്മാവനാണ് ആ പേര് മാറ്റി തന്നത്. എന്നിട്ട് ഉല്ലാസ് എന്ന പേരിട്ടു. തന്റെ ആദ്യ പേര് മാറ്റി തന്നതില്‍ അമ്മയോട് വലിയ കടപ്പാടുണ്ട്. മോശമായത് കൊണ്ടല്ല. എന്നാല്‍ പ്രൊഫഷണല്‍ സ്റ്റേജില്‍ കയറുന്ന സമയം വരെയും എന്റെ പേര് ഉല്ലാസ് എന്നായിരുന്നു. സ്റ്റേജില്‍ കയറി തുടങ്ങിയപ്പോഴാണ് പേരിനൊപ്പം സ്ഥലപ്പേര് കൂടി ചേര്‍ത്ത് ഉല്ലാസ് പന്തളം ആയത്.

യാദൃശ്ചികമായി കലാകാരനായ വ്യക്തിയാണ് താന്‍െ. പ്രശസ്ത ഗായകനായ പന്തളം ബാലനാണ് എന്നെ പ്രൊഫഷണല്‍ ട്രൂപ്പിലേക്ക് കൊണ്ട് വരുന്നത്. അന്നൊക്കെ പന്തളം ബാലന്റെ ഗാനമേള ഒക്കെ പ്രശസ്തമായിരുന്നു. തിരുവനന്തപുരത്തെ സംഗീത കോളേജില്‍ ആയിരുന്നു എന്റെ ആദ്യ വേദി. അതിന് മുന്‍പ് സ്റ്റേജിലൊന്നും ഞാന്‍ കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സഭാകമ്പം ഉണ്ടായിരുന്നു. അതിപ്പോഴും തനിക്കൊപ്പം ഉണ്ട്. പെയിന്റിന്റെ പണിയ്ക്ക് ഒക്കെ പോകുന്ന സമയത്താണ് മിമിക്രി ചെയ്ത് തുടങ്ങിയതും. പെയിന്റിങ്ങിന് കിട്ടുന്ന കൂലി തന്നെയാണ് സ്റ്റേജിലും കിട്ടുക. പലപ്പോഴും അതിനേക്കാളും കുറവുമായിരിക്കും. ലീഡിങ് കോമേഡിയന്‍ ആകണമെന്ന് ഞാനന്ന് ആഗ്രഹിച്ചു. അങ്ങനെയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം കിട്ടും. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണെന്നും ഉല്ലാസ് പറയുന്നു.

മിമിക്രിക്കാരായി ജീവിക്കുന്നവര്‍ക്ക് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളുണ്ട്. സീസണുകളില്‍ മാത്രമാണ് മിമിക്രി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുക. ഓണം, ക്രിസ്മസ്, ഉത്സവങ്ങള്‍, കൂടാതെ ഒരു 10 പരിപാടികള്‍ വേറെയും കിട്ടുമായിരിക്കും. ബാക്കിയുള്ള സമയം നാട്ടില്‍ പണിക്ക് പോയാണ് ജീവിച്ചിരുന്നത്. പെയിന്റിങ് പണിക്ക് പോകുന്ന സമയത്താണ് കോമഡി സ്റ്റാര്‍സില്‍ അവസരം ലഭിക്കുന്നത്. അതു ജീവിതത്തില്‍ വലിയൊരു അനുഗ്രഹമായി.

ഇവനെ വേണ്ട എന്ന് ചിലര്‍ക്ക് തോന്നിയാല്‍ പിന്നെ അവര്‍ വിളിക്കില്ല. ചിലപ്പോഴൊക്കെ നമ്മുടെ നിലപാടുകള്‍ ഇഷ്ടപ്പെടാത്തത് കൊണ്ടാവും. എന്തൊക്കെ വന്നാലും എന്റെ ശരികള്‍ നോക്കിയാണ് ഞാന്‍ മുന്നോട്ട് പോവുന്നത്. കൊവിഡ് വന്നപ്പോള്‍ ഒരുപാട് കലാകാരന്മാര്‍ക്ക് ജോലി പോയി. അങ്ങനെ വന്ന സാഹചര്യത്തിലാണ് ഉല്ലാസ് പന്തളം എന്റര്‍ടെയിന്‍മെന്റ്സ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്.