ഏഷ്യന്‍ ഗെയിംസില്‍ നിന്ന് അരുണാചലില്‍ നിന്നുള്ള താരങ്ങളെ വിലക്കി ചൈന, ചൈന സന്ദര്‍ശനം റദ്ദാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി. അരുണാചലില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ചൈന പ്രവേശനം നിഷേധിച്ചതോടെ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര വാര്‍ത്തവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍. ഏഷ്യന്‍ ഗെയിംസിലേക്കുള്ള പ്രവേശനമാണ് അരുണാചലില്‍ നിന്നുള്ള മൂന്ന് വുഷു താരങ്ങള്‍ക്ക് ചൈന നിഷേധിച്ചത്.

അതേസമയം ഇന്ത്യന്‍ വിഷു ടീമിലെ ബാങ്കി ഏഴ് പേര്‍ ചൈനയില്‍ എത്തി. ചൈനയുടെ നടപടി വിവേചനപരമാണെന്നും ഇന്ത്യന്‍ പൗരന്മാരോട് ഒരു തരത്തിലുള്ള വംശീയതയും രാജ്യം അനുവദിക്കില്ലെന്നും വിദേശകാര്യ വ്യക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ചൈന വിസ നിഷേധിച്ച താരങ്ങള്‍ നിലവില്‍ ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഹോസ്റ്റലിലാണ്.

വിഷയത്തില്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകരോടും ഒളിമ്പിക്‌സ് കൗണ്‍സിലിനോടും ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. എന്നാല്‍ നിയമപരമായി രേഖകളുള്ള എല്ലാ താരങ്ങള്‍ക്കും പ്രവേശനം നല്‍കുമെന്നാണ് ചൈനയുടെ പ്രതികരണം.