പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവെന്ന് കേന്ദ്ര മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി . പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവെന്ന് കേന്ദ്ര മന്ത്രി എസ് ജയശങ്കർ. ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തി ലാണ് ബിലാവൽ ഭൂട്ടോയുടെ പേരെടുത്ത് പറഞ്ഞ് ജയശങ്കറിന്റെ വിമർശനം ഉണ്ടായത്.

ഇരകൾക്ക് തീവ്രവാദ നടത്തിപ്പുകാരുമായി ചർച്ച നടത്താൻ കഴിയില്ല. തീവ്രവാദം ഇപ്പോൾ പാകിസ്ഥാനിൽ വ്യവസായമായിരിക്കുകയാണ്. ബിലാവൽ ഭൂട്ടോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി എസ് ജയശങ്കർ കുറ്റപ്പെടുത്തി.

തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാവുകയാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയശങ്കർ തള്ളി.