കോവിഡ് വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയും; ചരിത്രപരമായ തീരുമാനവുമായി അമേരിക്ക

ആഗോളതലത്തിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ കോവിഡ് വാക്സിൻ കമ്പനികളുടെ കുത്തക തകർക്കുന്ന ചരിത്രപരമായ തീരുമാനവുമായി അമേരിക്ക. വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഫൈസർ, മൊഡേണ അടക്കമുള്ള കമ്പനികൾ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, അതെല്ലാം തള്ളിക്കൊണ്ടാണ് അമേരിക്കയുടെ തീരുമാനം.

വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ ഭരണകൂടം കോവിഡ് വാക്സിനുകൾക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് ലോകവ്യാപാര സംഘനയ്ക്കുള്ളിൽ, കൂടുതൽ മരുന്നു കമ്പനികളെ വാക്സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിക്കുന്നതിൽ മുൻനിരയിൽ നിന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. തീരുമാനം ലോകവ്യാപാര സംഘനയെ അറിയിക്കും. അമേരിക്കൻ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക നിമിഷമെന്നും വിശേഷിപ്പിച്ചു.