യൂസ്ഡ് കാർ തട്ടിപ്പുകേസ്, പ്രതിയ്ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചില്ല, പാലാരിവട്ടം സ്റ്റേഷൻ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കൊച്ചി. യൂസ്ഡ് കാർ തട്ടിപ്പുകേസ് പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചില്ല. പാലാരിവട്ടം സ്റ്റേഷൻ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ​ എസ്.എച്ച്.ഒ ജോസഫ് സാജനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതിക്കെതിരെ യഥാസമയം കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് നടപടി.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ അമൽ പാലാരിവട്ടം ആലിൻചുവട് ഭാഗത്ത് യൂസ്ഡ് കാർ സ്ഥാപനം നടത്തി വരികയായിരുന്നു. ഈസ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിട്ടും സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാർ ഡി.സി.പിയെ സമീപിച്ചു. അമലിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും അന്വേഷണം മന്ദഗതിയിലാണെന്നും ഡി.സി.പിക്കു നൽകിയ പരാതിയിലുണ്ടായിരുന്നു. തുടർന്ന് തട്ടിപ്പ് സംബന്ധിച്ച അന്വേഷണച്ചുമതല മെട്രോ സ്റ്റേഷൻ എസ്.എച്ച്.ഒക്ക് കൈമാറി.

ഇദ്ദേഹത്തിന്‍റെ അന്വേഷണത്തിൽ അമലിന്‍റെ എളമക്കരയിലെ ഫ്ലാറ്റിൽനിന്ന് കൈവിലങ്ങ്, എയർപിസ്റ്റൾ, ബീക്കൺലൈറ്റ് എന്നിവ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും മറ്റും വീഴ്ചവരുത്തിയതായും കണ്ടെത്തി. അമലുമായുള്ള ജോസഫ് സാജന്‍റെ മുൻപരിചയമാണ് കേസെടുക്കാത്തതിനു പിന്നിലെന്നാണ് വിലയിരുത്തൽ.