പിണറായിക്ക് ഇരുട്ടടി, യുഡിഎഫ് പിന്തുണക്ക് പിന്നാലെ ജയിച്ചാല്‍ നിയമസഭയ്ക്കകത്ത് സമരം ചെയ്യുമെന്ന് വാളയാറിലെ അമ്മ

തൃശൂര്‍: ഈ സര്‍ക്കാരിന് ലജ്ജിക്കാം. വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിന് അടുത്ത അടിയാണ് ധര്‍മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വം. ധര്‍മടം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനമെന്ന് പെണ്‍കുട്ടികളുടെ അമ്മ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ്. പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മവ്യക്കമാക്കിയതോടെ പിണറായി വിജയന്‍ ശരിക്കും ഇരുട്ടിലായിരിക്കുകയാണ്.

വാളയാര്‍ സമര സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരം. യു.ഡി.എഫ്. സ്വതന്ത്രയാകില്ല. ജയിച്ചാല്‍ നിയമസഭയ്ക്ക് അകത്ത് സമരം തുടങ്ങും. ഇല്ലെങ്കില്‍ പുറത്ത് സമരം തുടരുമെന്നും അവര്‍ പറഞ്ഞു.മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു. മത്സരിക്കാനുള്ള തീരുമാനം ശരിയാണെന്നും അമ്മയുടെ തീരുമാനം തിരഞ്ഞെടുപ്പിന്റെ മാനം വര്‍ധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കോണ്‍ഗ്രസ് ഇതുവരെ ധര്‍മടത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ സംഭവത്തില്‍ യാതൊരു ലജ്ജയുമില്ലാതെയാണ് പിണറായി വിജയന്റെ പ്രതികരണം. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് വാളയാര്‍ പ്രശ്‌നത്തില്‍ ഒരു മനസാക്ഷിക്കുത്തും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നാടിന് വിശ്വസിക്കാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിന്റെ സിഎഎ നിലപാടെന്നും കോണ്‍ഗ്രസ് വര്‍ഗീയ അടയാളങ്ങള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് വര്‍ഗീയതയോട് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.